കൊച്ചി: നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗിക പരാതി സമര്‍പ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം , സത്യം വിജയിക്കും, ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. നേരത്തെ തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായുളള വ്യാജപരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ വിശദമാക്കിയിരുന്നു. മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുളള ഹര്‍ജിയിലാണ് ഇക്കാര്യം ഉണ്ണി വ്യക്തമാക്കിയത്.
മറ്റൊരു സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തല്ലിയെന്ന മാനേജരുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദന്‍ വധഭീഷണി മുഴക്കിയെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടന്‍ മുഖത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ വിശദമാക്കിയത്.