കോന്നി: കൃഷിയിടത്തിലെ സൗരോര്‍ജവേലിയില്‍നിന്നു വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരേ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ അസഭ്യവര്‍ഷം. ഉദ്യോഗസ്ഥരെ എം.എല്‍.എ. ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫോറസ്റ്റ് സ്‌റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സല്‍ ആക്രമണമുണ്ടാകുമെന്നുമായിരുന്നു എം.എല്‍.എയുടെ ഭീഷണി. വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോകുകയും ചെയ്തു.
കാട്ടാന ചരിഞ്ഞ സംഭവത്തില്‍ തൊഴിലാളിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെതിരേയായിരുന്നു ഫോറസ്റ്റ് സ്‌റ്റേഷനില്‍ എം.എല്‍.എയുടെ രോഷപ്രകടനം. പോലീസ് അകമ്പടിയോടെയെത്തിയ എം.എല്‍.എ. ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. കഴിഞ്ഞ 10-ന് ഉച്ചയ്ക്കാണ് കലഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കുളത്തുമണ്‍ ശിവക്ഷേത്രത്തിനു സമീപം കാട്ടുകൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ആന ചരിഞ്ഞതു ഹൈവോള്‍ട്ട് ഷോക്കേറ്റാണെന്നു ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സാധാരണ സൗരോര്‍ജവേലിയിലൂടെ ബാറ്ററിയില്‍നിന്നു കടത്തിവിടുന്നത് ഒമ്പത് വോള്‍ട്ട് വൈദ്യുതിയാണ്. ഇതേറ്റാല്‍ ആന ചരിയില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. നടുവത്തുമൂഴി വനം റേഞ്ചിലെ പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കാണപ്പെട്ട കാട്ടാനയുടെ ജഡത്തിന് മൂന്നുദിവസം പഴക്കമുണ്ടായിരുന്നു. 25-30 വയസുള്ള ആനയാണു ചരിഞ്ഞത്. വിശദാന്വേഷണത്തിന് വനം വിജിലന്‍സ് വിഭാഗത്തെ മന്ത്രി എ.കെ. ശശീന്ദ്രന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയോഗിച്ച മൂന്നംഗസമിതി അന്വേഷണത്തിനു പുറമേയാണിത്. അന്വേഷണത്തിന്റെ ഭാഗമായി കൈതച്ചക്ക കൃഷിയിടത്തിലെ തൊഴിലാളിയായ തമിഴ്‌നാട്ടുകാരനെ കഴിഞ്ഞ 13-ന് കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞാണ് എം.എല്‍.എ. പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയത്.
അറസ്റ്റിനു ചില നടപടിക്രമങ്ങളുണ്ടെന്നും രേഖകള്‍ കാണിക്കാനും എം.എല്‍.എ. ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹസര്‍ എഴുതുന്നതേയുള്ളെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളിയുടെ മൊഴിയില്‍ അറസ്റ്റിന് ആവശ്യമായ വസ്തുതകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ എം.എല്‍.എ. മേശയിലടിച്ച് ആക്രോശിച്ചു. കസ്റ്റഡിയും അറസ്റ്റും നിയമവിധേയമാണോയെന്ന് പരിശോധിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പി. രാജപ്പന്‍ റാവുത്തറോട് നിര്‍ദേശിച്ചു.
കാട്ടാന കാരണം നാട്ടുകാര്‍ക്കു ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണെന്ന് എം.എല്‍.എ. പറഞ്ഞു. കാട്ടാന ആക്രമിച്ചാലും ജനങ്ങള്‍ക്കാണു കുറ്റം. ഒറ്റദിവസം മാത്രം 11 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടാണ് താന്‍ വരുന്നതെന്നും പറഞ്ഞ എം.എല്‍.എ. കസ്റ്റഡിയിലുള്ളയാളെ ഇറക്കിക്കൊണ്ടുപോയി. ജനങ്ങളുടെ രോഷപ്രകടനത്തിന് സാക്ഷിയായതുകൊണ്ടാണു വികാരപരമായി പ്രതികരിച്ചതെന്നും അതിന് ഉപയോഗിച്ച ഭാഷയില്‍ ഖേദമുണ്ടെന്നും എം.എല്‍.എ. പിന്നീട് അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ നക്‌സല്‍ സംഘടനകളില്‍പ്പെട്ടവര്‍ മുതലെടുക്കുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ജനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തൊഴിലാളിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതാണെന്നും അറസ്റ്റ് ചെയ്തില്ലെന്നും കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാര്‍ ഗോറി അറിയിച്ചു. ജനകീയപ്രശ്‌നത്തില്‍ ഇടപെട്ട എം.എല്‍.എയെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രതികരണം. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്നാണു പാര്‍ട്ടി നിലപാട്. എം.എല്‍.എയുടെ നിലപാട് സന്ദര്‍ഭോചിതവും ശരിയുമാണെന്ന് രാജു ഏബ്രഹാം പറഞ്ഞു.