Tuesday, March 24, 2026 Last Updated 3 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 08.38 AM

നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍

pinarayi-vijayan, duplicate, candidate

കണ്ണൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ മുന്നണി സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും ഇത്തവണ അപരന്മാരുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും ഇത്തരം അപര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ മാത്രമേ മത്സരരംഗത്തെ അന്തിമ ചിത്രം വ്യക്തമാകൂ.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജയന്‍ എ.എം ആണ് അപരനായി പത്രിക നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭീഷണിയായി കെ.ബി. സതീശനും രംഗത്തുണ്ട്. മലബാറിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലും സ്ഥിതി സമാനമാണ്. പേരാവൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്ക് സി. ശൈലജ, ശൈലജ എ.വി എന്നിങ്ങനെ രണ്ട് അപരന്മാരാണുള്ളത്. അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിനും അപരഭീഷണിയുണ്ട്. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫിനെതിരെ രണ്ട് മുഹമ്മദ് അഷ്‌റഫുമാരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹിമാന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും അപരന്മാര്‍ അണിനിരക്കുന്നുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത്; ഇവിടെ ആകെ ആറ് പേരാണ് മത്സരിക്കുന്നത്. മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരും പി.വി. അന്‍വറിനെതിരെ നാല് അപരന്മാരുമാണ് ഉള്ളത്. അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനും എല്‍.ി.എഫ് സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫനും അപരന്മാരുണ്ട്. ഇതില്‍ ശിവകുമാര്‍ എന്ന പേരില്‍ തന്നെ രണ്ടുപേരാണ് പത്രിക നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ സി.പി. ജോണിനും അപരനായി ജോണ്‍ എസ് രംഗത്തുണ്ട്.

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അപരഭീഷണി ശക്തമാണ്. കളമശേരിയില്‍ പി. രാജീവിനെതിരെ രാജീവ് എന്ന പേരുള്ള ആള്‍ തന്നെയാണ് പത്രിക നല്‍കിയത്. കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് ഷിബു എന്ന പേരിലും തൃപ്പൂണിത്തറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് ഉണ്ണികൃഷ്ണന്‍ എന്ന പേരിലുമാണ് അപരന്മാര്‍. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെതിരെ കെ. പ്രശാന്ത് മത്സരിക്കുന്നു. അമ്പലപ്പുഴയില്‍ ജി. സുധാകരനെതിരെ സുധാകരന്‍ എന്ന പേരില്‍ തന്നെ പത്രിക ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ അപരന്മാരെ പിന്‍വലിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാകും മുന്നണികള്‍.

Ads by Google
Tuesday 24 Mar 2026 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google