Tuesday, March 24, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 08.10 AM

സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം: മന്ത്രിക്കെതിരേ കേസെടുത്തു, അറസ്റ്റ് ചെയ്‌തേക്കും

uploads/news/2025/05/781142/qureshi.jpg

ഭോപ്പാല്‍: ഭീകരരുടെ സഹോദരി എന്ന രീതിയിലുള്ള പരാമര്‍ശം നടത്തി ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുത്തു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ഇന്നു തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. മന്ത്രി രാജിവെയ്ക്കണമെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ഷായ്ക്ക് മന്ത്രിപദവി കൂടി രാജി വെയ്‌ക്കേണ്ടി വരും. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുന്ന വാക്കുകളായിരുന്നു മന്ത്രിയുടേത്. പത്രവാര്‍ത്ത കണ്ടായിരുന്നു മദ്ധ്യപ്രദേശ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും മാന്‍പൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. കോടതിയുടെ ഉത്തരവ് പ്രകാരം മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ ഓഫീസ് എക്സിലൂടെ അറിയിച്ചിരുന്നു. അപകടകരമായ പരാമര്‍ശം എന്നായിരുന്നു കോടതി വിലയിരുത്തിയത്.

കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് വരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് അവരുടെ സഹോദരിയെക്കൊണ്ടു തന്നെ പ്രതികാരം ചെയ്യിച്ചെന്നും അതേ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം.

''പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്.'' വിജയ് ഷാ പറഞ്ഞു. എന്നാല്‍ പ്രസംഗം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും, കേണല്‍ ഖുറേഷിയെ താന്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

Ads by Google
Thursday 15 May 2025 08.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google