Tuesday, March 24, 2026 Last Updated 5 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 08.27 AM

തട്ടിക്കൊണ്ടു പോയതാണെന്ന് മൊഴി ; കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ ഓട്ടോക്കാര്‍ കണ്ടെത്തി

uploads/news/2025/05/780975/missing.jpg

തിരുവനന്തപുരം: കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. ഒരാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കുട്ടികള്‍ നല്‍കിയിരിക്കുന്ന മറുപടി. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. കുട്ടികള്‍ നാടുകാണാന്‍ പോയതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കൊച്ചിയില്‍ നിന്നും ഇന്നലെ കാണാതായ മൂന്ന് കുട്ടികളില്‍ രണ്ടുപേര്‍ ഒമ്പതാം ക്ലാസ്സിലും ഒരാള്‍ ആറാംക്ലാസ്സുകാരനുമാണ്. ഇവരെ ഇന്ന് പുലര്‍ച്ചെ തമ്പാനൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് കണ്ടെത്തിയത്.

ഇവര്‍ ഉടന്‍ പോലീസിനെ ബന്ധപ്പെടുകയും പോലീസ് പെട്രോളിംഗ് സംഘം ഉടനെത്തി ഇവരെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഇപ്പോള്‍ ഇവര്‍ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലുണ്ട്. ഇവരുടെ കൊച്ചിയിലുള്ള മാതാപിതാക്കളോട് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികളെ കണ്ടെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സംശയം തോന്നുകയായിരുന്നു. കാണാതായതിന് പിന്നാലെ കുട്ടികളുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വീട്ടുകാര്‍ പങ്കുവെച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ തമ്പാനൂരിലെ പ്രീ പെയ്ഡ് സ്റ്റാന്റിലെ ഓട്ടോതൊഴിലാളികള്‍ കുട്ടികളെ കണ്ടെത്തി അടുത്തു വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടികള്‍ പരസ്പര വിരുദ്ധ മറുപടി നല്‍കി. ഇതോടെ സംശയം തോന്നി ഓട്ടോറിക്ഷാ തൊഴിലാളികള്‍ പോലീസ് പെട്രോളിംഗ് സംഘത്തെ വിളിക്കുകയായിരുന്നു.

കുട്ടികളുടെ മാതാപിതാക്കള്‍ 11 മണിയോടെ എത്തുമെന്നാണ് കരുതുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് കുട്ടികള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കരിപ്പാലത്തെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തങ്ങള്‍ക്ക് ശീതളപാനീയം നല്‍കിയെന്നും അതു കുടിച്ച ഉടന്‍ ബോധം പോയെന്നും പിന്നീട് കണ്ണ് തുറക്കുമ്പോള്‍ തങ്ങള്‍ തിരുവനന്തപരും റെയില്‍വേസ്‌റ്റേഷനില്‍ ആയിരുന്നെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടികള്‍ പറഞ്ഞത് പോലീസ് മുഖവിലയ്ക്ക് പോലും എടുത്തിട്ടില്ല. കുട്ടികള്‍ നാടുകാണാന്‍ വീടുവിട്ടിറങ്ങിയവരായിരിക്കാമെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. കുട്ടികളെ കാണാതായതിനൊപ്പം വീട്ടില്‍ നിന്നും 3000 രൂപയും കാണാതായിരുന്നു.

മട്ടാഞ്ചേരി കരിപ്പാലത്തില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. ഇവരില്‍ ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയും ആറാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയും സഹോദരങ്ങളാണ്. കുട്ടികള്‍ നാടുകാണാന്‍ പോകാനുള്ള സാധ്യത ഇന്നലെ തന്നെ പോലീസ് മനസ്സിലാക്കിയിരുന്നു. കുട്ടികള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതായി ചിലര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലീസ് വിവരം നല്‍കിയിരുന്നു. കുട്ടികള്‍ക്കായി പുലര്‍ച്ചെ തമ്പാനൂരില്‍ തെരച്ചില്‍ നടക്കുമ്പോഴാണ് ഓട്ടോറിക്ഷാക്കാര്‍ പോലീസിനെ അറിയിച്ചത്.

Ads by Google
Wednesday 14 May 2025 08.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google