Tuesday, March 24, 2026 Last Updated 6 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 10.28 AM

കൊമ്പൊടിഞ്ഞാല്‍ ദുരന്തം: നാലുപേര്‍ക്കും ഒരു കുഴിമാടത്തില്‍ അന്ത്യനിദ്ര ; അപകടകാരണം ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

uploads/news/2025/05/780758/kompodinjanal.jpg

അടിമാലി: കൊമ്പൊടിഞ്ഞാലില്‍ വീടിനു തീപിടിച്ച് മരിച്ച നാലു പേര്‍ക്കും ഒരു കുഴിമാടത്തില്‍ അന്ത്യനിദ്ര. അപകടം നടന്ന നോര്‍ത്ത് കുമ്പിടിഞ്ഞാലുള്ള തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ വീട്ടുവളപ്പില്‍ തന്നെയാണ് നാലുപേരെയും സംസ്‌കരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കത്തി നശിച്ച വീടിന്റെ സമീപം ഒരു കുഴിയിലാണ് നാലു മൃതദേഹങ്ങളും സംസ്‌കരിച്ചത്. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. മരിച്ച പൊന്നമ്മ ബൈസണ്‍വാലി സ്വദേശിയാണെങ്കിലും ഇരുകുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം കൊമ്പൊടിഞ്ഞാലില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ആയിരുന്നു ദുരന്തം ഉണ്ടായത്.

ആള്‍താമസം കുറവുള്ള പ്രദേശമായതിനാല്‍ വീട് കത്തി നശിച്ചത് ശനിയാഴ്ച വൈകിട്ടാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇളയ കുട്ടി അഭിനവിനെ കണ്ടെത്തുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ മരണസംഭവിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മറ്റു മൂന്നുപേരുടെയും കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെടുത്തത്.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ആയിരുന്നു നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമാണ് കൂടുതല്‍ കത്തി കരിയാതെ ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസ നാളത്തില്‍ പ്ലാസ്റ്റിക്ക് കത്തിയ പുകയുടെ അംശം കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇതുമൂലം ശ്വാസതടസം നേരിട്ടാണ് മരണ സംഭവിച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥിരീകരിക്കുന്നതിനായി ഇന്നലെ ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരെ എത്തിച്ച് വെള്ളത്തൂവല്‍ പോലീസ് കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ ഇത്തരത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സൂചന. അതുകൊണ്ടുതന്നെ സംഭവം വിശദമായി പഠിച്ച ശേഷമാകും പോലീസ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്‌കാര ചടങ്ങില്‍ മരിച്ച അഭിനന്ദിന്റേയും, അഭിനവിന്റെയും സഹപാഠികളും അധ്യാപകരും പങ്കെടുത്തു.

Ads by Google
Tuesday 13 May 2025 10.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google