തിരുവനന്തപുരം : എട്ടുവര്‍ഷം മുമ്പ് സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജ കുറ്റക്കാരനാണെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി (6) വിധിച്ചു. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും കൊലപ്പെടുത്തിയ പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം നടക്കും.
2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപം, ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സന്‍ രാജ കേസില്‍ അറസ്റ്റിലായി. ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങള്‍ മുകള്‍നിലയിലെ ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം താഴത്തെ നിലയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മഴു ഉപയോഗിച്ച് കൊലപാതകം നടത്തിയ പ്രതി മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നു പോലീസ് കണ്ടെത്തി.
കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുന്ന 'ആസ്ട്രല്‍ പ്രൊജക്ഷന്‍' ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നുമായിരുന്നു പ്രതിയുടെ മൊഴി. സംഭവശേഷം ചെന്നൈയിലേക്കു പോയ കേഡല്‍ പിന്നീട് മടങ്ങിയെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണു പിടിയിലായത്. പ്രതി മനോരോഗിയാണെന്ന വാദം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി. കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ നല്‍കണമെന്നതാണു പ്രോസിക്യൂഷന്‍ വാദം.
പ്രതിക്കു മാനസികപ്രശ്‌നങ്ങളില്ലെന്നും മാതാപിതാക്കളോടും സഹോദരിയോടും തോന്നിയ പകയാണ് കൂട്ടക്കൊലപാതകത്തിനു കാരണമെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയത്. നിരന്തരം അവഗണിക്കുകയും ശകാരിക്കുകയും ചെയ്ത പിതാവിനെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം പദ്ധതിയിട്ടത്. അത് പിന്നീട് മറ്റ് കുടുംബാംഗങ്ങളുടെയും കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. 65 ദിവസം വാദം കേട്ടശേഷമാണ് പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.