Tuesday, March 24, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 May 2025 11.56 AM

‘ഭീകരര്‍ നൂറുവട്ടം ചിന്തിക്കും’ ; ‘ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുത്...ഭീകരവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ ആരംഭമാണിതെന്ന് ഉറപ്പാക്കണം'

uploads/news/2025/05/779913/oparation-sindoor-1.jpg

ന്യൂഡല്‍ഹി: 'ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുത്...ഭീകരവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ ആരംഭമാണിതെന്ന് ഉറപ്പാക്കണം'-നെഞ്ചകം നീറുമ്പോഴും ഹിമാന്‍ശി നര്‍വാളെന്ന യുവതിയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ കരുത്ത്. വരണമാല്യം ചാര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മാംഗല്യസിന്ദൂരം മായ്‌ക്കേണ്ടിവന്ന ഹതഭാഗ്യയാണു ഹിമാന്‍ശി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പൊലിഞ്ഞ 26 ജീവനുകളില്‍ ഒരാളായ നേവി ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ.

കശ്മീരിന്റെ വശ്യഭംഗിയില്‍ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു നവദമ്പതികള്‍. ബൈസരണ്‍ താഴ്‌വരയിലെ ഭീകരരുടെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നത് ദിവസങ്ങള്‍മാത്രം നീണ്ട ഹിമാന്‍ശിയുടെ വൈവാഹികജീവിതം കൂടിയായിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം കണ്ണീര്‍വാര്‍ക്കുന്ന ഹിമാന്‍ശിയുടെ ചിത്രം രാജ്യത്തിന്റെതന്നെ നെഞ്ചുലയ്ക്കുന്നതായിരുന്നു.

പഹല്‍ഗാമിനു തിരിച്ചടിയായി പാക്മണ്ണിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തച്ചുടച്ചപ്പോള്‍ അത് ഹിമാന്‍ശിയുടെകൂടി പ്രതികാരമായിരുന്നു. കേന്ദ്രസര്‍ക്കാരിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഹിമാന്‍ശി നടത്തിയ പ്രതികരണം അതിനു തെളിവുമായി. '' എന്റെ ഭര്‍ത്താവ് പ്രതിരോധസേനയില്‍ അംഗമായിരുന്നു. നിരപരാധികളായ സാധാരണക്കാര്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഈ രാജ്യത്ത് വിദ്വേഷമോ ഭീകരതയോ വേരുറപ്പിക്കരുതെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് സര്‍ക്കാരിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്നാണ് എന്റെ അപേക്ഷ. നമ്മുടെ മണ്ണില്‍നിന്ന് ഭീകരതയുടെ വേരറുക്കുന്നതിന്റെ തുടക്കമാകണമിത്- ഹിമാന്‍ശി ഇന്നലെ പറഞ്ഞു.

വിനയ്്‌യുടെ സംസ്‌കാരാനന്തരം സാമൂഹികമാധ്യമങ്ങളിലൂടെ ഹിമാന്‍ശി നടത്തിയ പ്രതികരണം വിമര്‍ശനത്തിനും വഴിവച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംകളോടും കശ്മീരികളോടും ശത്രുത പുലര്‍ത്തരുതെന്ന അവരുടെ അഭ്യര്‍ഥനയാണ് പരിഹാസത്തിനും വിമര്‍ശനത്തിനും കാരണമായത്. പഹല്‍ഗാമിലേതിനു സമാനമായി വീണ്ടുമൊരു ആക്രമണത്തിനു കോപ്പുകൂട്ടുംമുമ്പ് ഭീകരര്‍ ഇനി നൂറുവട്ടം ആലോചിക്കുമെന്ന് വിനയ് നര്‍വാളിന്റെ പിതാവ് രാജേഷ് നര്‍വാള്‍. അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിനുശേഷം വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇനി എന്താണ് സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ നമ്മുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നായിരുന്നു എന്റെ മറുപടി. ആ വിശ്വസത്തെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. ഇത്തരമൊരു ഭീരുത്വം ഇനി ഒരാള്‍പോലും ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടാത്തവിധം തിരിച്ചടിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണം അവരുടെയുള്ളില്‍ എന്നും മായാത്ത മുദ്രയായിരിക്കും- രാജേഷ് നര്‍വാള്‍ പറഞ്ഞു.

Ads by Google
Thursday 08 May 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google