കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും മനുഷ്യത്വപരമായ വഴികളും കര്‍ത്തവ്യവും മറക്കാതെ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. എന്‍ പ്രതാപ്കുമാര്‍. തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയിലും 70 കാരന്റെ ജീവന്‍രക്ഷിച്ചാണ് മാതൃകയായത്.
ഹൃദയസംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ച വയോധികന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തുന്നതിനായി പ്രചരണത്തിനിടയില്‍ ആശുപത്രിയില്‍ എത്തുകയും വിജയകരമായി പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു. 'ബിജെപി കേരളം' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ സഹിതം ഈ വിവരം പുറത്തുവിട്ടത്.
കൊല്ലം മെഡിട്രിന ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ഡോ. പ്രതാപ് കുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെച്ചാണ് അദ്ദേഹം സങ്കീര്‍ണ്ണമായ ഈ ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് എത്തിയത്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ ശസ്ത്രക്രിയ തത്സമയം സംപ്രേഷണം ചെയ്തു. ഇന്ത്യയില്‍ നിന്നും സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുമായി 3,500-ലധികം ഹൃദ്രോഗ വിദഗ്ധരാണ് ഈ തത്സമയ പരിപാടിയില്‍ പങ്കെടുത്തത്.
ഈ ശസ്ത്രക്രിയയ്ക്ക് ശേഷം സമാനമായ രീതിയില്‍ മൂന്ന് ശസ്ത്രക്രിയകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡോക്ടര്‍ വീണ്ടും വോട്ട് തേടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. ഡോ. പ്രതാപ് കുമാര്‍ പൊതുസേവനത്തിന് ഉത്തമ ഉദാഹരണമാണെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ കാണിക്കുന്ന അതേ സ്‌നേഹവും കരുതലും കൊല്ലത്തെ ഓരോ പൗരനും അദ്ദേഹം ഉറപ്പുനല്‍കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.