Tuesday, March 24, 2026 Last Updated 2 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 May 2025 08.21 AM

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടിത്തം ; സംഭവത്തില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും

uploads/news/2025/05/778912/smog.jpg

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടിത്തത്തിന് പിന്നാലെ അഞ്ചുപേര്‍ മരണമടഞ്ഞ സംഭവത്തില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തിന്റെ കാരണം സംബന്ധിച്ച അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് കൂടുതല്‍ പരിശോധന നടക്കുന്നത്. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പരിശോധന ഇന്ന് നടക്കും.

യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടര്‍ന്നു എന്നുമാണ് വിവരം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്നത്. വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്.

യുപിഎസ് റൂമില്‍ ഷോര്‍ട് സര്‍ക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു പൊലീസ് സീല്‍ ചെയ്തു. അത്യാഹിത വിഭാഗം മെഡിക്കല്‍ കോളേജിലെ ഓള്‍ഡ് ബ്ലോക്കില്‍ താല്‍ക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

200ല്‍ അധികം രോഗികളെയാണ് ഇന്നലെ മാത്രം മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരില്‍ രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയെന്ന ടി സിദ്ധിഖ് എംഎല്‍എയുടെ ആരോപണം മെഡിക്കല്‍ കോളേജ് തള്ളിയിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയത്.

Ads by Google
Saturday 03 May 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google