Tuesday, March 24, 2026 Last Updated 7 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 12.57 PM

കെട്ടിടത്തിന് ഹെഡ്‌ഗേവാറിന്റെ പേര് ; പാലക്കാട് നഗരസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

uploads/news/2025/04/778368/palakkad-council.jpg

പാലക്കാട്: പാലക്കാട് നഗരസഭയില്‍ യോഗത്തിനിടയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വാക്കേറ്റവും കയ്യാങ്കളിയും പോലീസ്് ഇടപെടലും വേണ്ടിവന്നു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നൈപുണ്യവികസന കേന്ദ്രത്തിന്റെ കെട്ടിടത്തിന് ആര്‍എസ്എസ്. സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരേ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ പ്രതിഷേധം സംഘര്‍ഷവും കയ്യാങ്കളിയുമായി മാറുകയായിരുന്നു. ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളയെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചതോടെയാണ് സംഘര്‍ഷം കയ്യാങ്കളിയിലേക്ക് എത്തിയത്. സംഭവത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും നഗരസഭാഹാളിലെ മൈക്കുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ ചെയര്‍പേഴ്‌സണ് നേരെ ആക്രമണം ഉണ്ടായതായി ബിജെപി ആരോപിച്ചു. വനിതാഅംഗങ്ങള്‍ വരെ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തിലേക്ക് നഗരസഭാ വളപ്പിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരും പങ്കാളികളായി മാറുകയായിരുന്നു.

നഗരസഭാ ഭരണപക്ഷം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം ചര്‍ച്ചചെയ്യാതെയും ഭരണഘടനയിലെ ചട്ടം പാലിക്കാതെയും പാസ്സാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം നഗരസഭായോഗത്തില്‍ 45 ാമത്തെ അജണ്ഡ ഒഴികെയുള്ള എല്ലാ അജണ്ഡകളും പാസ്സാക്കിയെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പാസ്സാക്കാനായെന്നും എന്നാല്‍ എന്തുവന്നാലും കെട്ടിടത്തിന്റെ പേര് സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആളുടെ പേര് മാറ്റാന്‍ പോകുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

നഗരസഭാ യോഗത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ തന്റെ മുറിയിലേക്ക് പോയി. ആദ്യം സെക്രട്ടറിയുടെ മുറിയില്‍ കയറി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് നഗരസഭാ അദ്ധ്യക്ഷയുടെ മുറിയ്ക്ക് മുന്നിലും പ്രതിഷേധിച്ചു. മുനിസിപ്പല്‍ സെക്രട്ടറി തീരുമാനമായി മുമ്പോട്ട് പോയാല്‍ കോടതിയില്‍ നേരിടുമെന്ന് യുഡിഎഫ് പറഞ്ഞു. ചട്ടവിരുദ്ധമായിട്ടാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി പോലുമില്ലാതെയാണ് നഗരസഭ തീരുമാനവുമായി മുമ്പോട്ട് പോയതെന്നും പ്രതിപക്ഷം ആരോപിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നു എന്നാണ് കോണ്‍ഗ്രസും എല്‍ഡിഎഫും ഉയര്‍ത്തിയ ആരോപണം. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല.

ആരാണ് ഹെഡ്‌ഗേവാര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. യുഡിഎഫ്, എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേരും മാറ്റണമെന്ന പ്ലക്കാര്‍ഡുകളുമായി ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ ജിന്ന പാലക്കാടിന് വേണ്ട, ജിന്ന സ്ട്രീറ്റും വേണ്ടേ, വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. തനിക്ക് നേരെ ആക്രമണമുണ്ടായതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രണ്ടു കൗണ്‍സിലര്‍മാര്‍ കുഴഞ്ഞുവീണു.

Ads by Google
Tuesday 29 Apr 2025 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google