Tuesday, March 24, 2026 Last Updated 17 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 10.10 AM

കണ്‍മുന്നില്‍ അച്ഛനെ ഭീകരര്‍ വെടിവച്ച് വീഴ്ത്തി ; ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെ ആറുവയസ്സുകാരായ ഇരട്ടക്കുട്ടികളുമായി ആരതി ഓടിയത് അഞ്ച് കിലോമീറ്റര്‍

uploads/news/2025/04/777571/arathy.jpg

കൊച്ചി: കണ്‍മുന്നില്‍ അച്ഛനെ ഭീകരര്‍ വെടിവച്ച് വീഴ്ത്തിയതിന്റെ ആഘാതത്തില്‍ ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയും മുമ്പേ ആറുവയസുള്ള ഇരട്ടക്കുട്ടികളുമായി ആരതി ഓടിയത് അഞ്ച് കിലോമീറ്റര്‍. കല്ലും ചെളിയും നിറഞ്ഞ, കുതിരകള്‍ക്കുപോലും നടക്കാന്‍ ബുദ്ധിമുട്ടുള്ള, ഇടതൂര്‍ന്ന് പൈന്‍മരങ്ങള്‍ നിറഞ്ഞ അപരിചിതമായ വഴികളിലൂടെ... 'അമ്മാ, ലെറ്റ്‌സ് മൂവ്' എന്ന കുട്ടികളുടെ നിലവിളിയാണ് ആഘാതത്തില്‍നിന്ന് ആരതിയെ ഉണര്‍ത്തിയത്. പിന്നെ കുട്ടികളെ വാരിയെടുത്ത് താഴേക്ക് കുതിക്കുകയായിരുന്നു.

കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച പിതാവ് എന്‍. രാമചന്ദ്രന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനൊപ്പം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയായിട്ടുള്ള അമ്മയേയും തന്റെ ഇരട്ടക്കുട്ടികളേയും സുരക്ഷിതരായി തിരികെയെത്തിക്കുന്നതും ആരതിക്കു മുന്നിലുള്ള വെല്ലുവിളിയായിരുന്നു. നടക്കാന്‍ പോലും പറ്റാത്തത്ര ദുര്‍ഘടമായിരുന്നു പഹല്‍ഗാമില്‍നിന്നു ബൈസരണ്‍ വാലിയിലേക്കുള്ള പാത.

കുതിരപ്പുറത്താണെങ്കിലും മുക്കാല്‍ മണിക്കൂറെടുക്കും യാത്രയ്ക്ക്. കാലിന് ബുദ്ധിമുട്ടുള്ളതിനാല്‍ ആരതിയുടെ അമ്മ ഷീല അവര്‍ക്കൊപ്പം പോയില്ല. പുല്‍മൈതാനത്തേക്കുള്ള കവാടം കടന്നയുടന്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സംഭവിക്കുന്നത് എന്താണെന്നുപോലും മനസിലാകുന്നതിനു മുമ്പേ ആരതിക്ക് പിതാവിനെ നഷ്ടപ്പെട്ടു. ആ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരയുമ്പോള്‍തന്നെ കുട്ടികളെയും കൊണ്ട് ഓടി രക്ഷപ്പെടേണ്ടിവന്നു.

കുതിരകള്‍ നടന്നതിന്റെ അടയാളം നോക്കിയായിരുന്നു ഓട്ടം. ഇതിനിടെ ചെരിപ്പുകള്‍ നഷ്ടപ്പെട്ടു. അരമണിക്കൂറോളം ദുര്‍ഘടപാതയിലൂടെ അതിവേഗം താഴേക്ക് ഓടിയിറങ്ങിക്കഴിഞ്ഞാണ് ഫോണിന് റേഞ്ച് കിട്ടിയത്. ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞു. ഒടുവില്‍ താഴെയെത്തി. അവിടെയുള്ള ഒരു ഹോട്ടലിന്റെ ലോബിയില്‍ അഭയം തേടി. ആക്രമണത്തില്‍ പരുക്കേറ്റ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് അമ്മയോടു പറഞ്ഞത്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

അമ്മ വാര്‍ത്തകള്‍ കാണാതിരിക്കാന്‍ ഹോട്ടല്‍ മുറിയിലെ ടി.വിയുടെ കേബിള്‍ വിഛേദിപ്പിച്ചു. മോര്‍ച്ചറിയില്‍ പോകാനും മൃതദേഹം തിരിച്ചറിയാനുമൊക്കെ മുസാഫിര്‍, സമീര്‍ എന്നീ ഡ്രൈവര്‍മാരുടെ സഹായം കിട്ടി. മോര്‍ച്ചറിക്കു വെളിയില്‍ പുലര്‍ച്ചെ മൂന്നുവരെ കാത്തുനില്‍പ്പ്. വീണ്ടും ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

പിതാവിനെ തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് അമ്മയോട് പറഞ്ഞത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അമ്മ ഇരിക്കുന്നിടത്തെ ടിവി അധികൃതരോട് പറഞ്ഞ് ഓഫ് ചെയ്യിച്ചു. ഒടുവില്‍, കൊച്ചിയില്‍ വിമാനമിറങ്ങിക്കഴിഞ്ഞ് മാത്രമാണ് ആരതിയും അവിടെ കാത്തിരുന്ന സഹോദരന്‍ അരവിന്ദും ചേര്‍ന്ന് അമ്മയോട് അച്ഛന്റെ വിയോഗവാര്‍ത്ത പറഞ്ഞത്.

Ads by Google
Friday 25 Apr 2025 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google