ന്യൂഡല്‍ഹി : ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. സങ്കടവും ഹൃദയഭേദകവുമായ (Sad & heartbroken) നിമിഷം എന്നാണ് #PahalgamTerroristAttack എന്ന ഹാഷ്‌ടാഗ് സഹിതം ഹഫീസ് എക്‌സില്‍ കുറിച്ചത്.
Sad & heartbroken 💔 #PahalgamTerroristAttack— Mohammad Hafeez (@MHafeez22) April 23, 2025
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്ന് വ്യക്തമാക്കിയും നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തില്‍ അതീവ ദു:ഖിതനാണ് താനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. പഹൽഗാമില്‍ നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാധാനവും ശക്തിയും നൽകണമെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ഈ ക്രൂരകൃത്യത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്നും കോലി വ്യക്തമാക്കി.
ഇന്ത്യ തിരിച്ചടിക്കും, ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരും എന്നുമായിരുന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ ശക്തമായ വാക്കുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തെ വിരാട് കോലി, ശുഭ്മാൻ ഗിൽ, പാർത്ഥിവ് പട്ടേൽ, ആകാശ് ചോപ്ര, മനോജ് തിവാരി, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ അപലപിച്ചു. ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.