Wednesday, March 25, 2026 Last Updated 6 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.44 AM

തീഗോളം റോഡിലേക്ക് ഓടിയെത്തി വീണു ; വീടിനുള്ളില്‍ വെന്തുമരിച്ച് സീതമ്മയുടെ മൃതദേഹം ; പൊള്ളലേറ്റ് അല്‍പ്പജീവനുമായി സത്യപാലന്‍

uploads/news/2025/04/775559/house.jpg

എരുമേലി: ഒരു കുടുംബത്തിലെ മൂന്നു പേര്‍ തീനാളങ്ങളില്‍ അമര്‍ന്ന് വെന്തു മരിച്ചതിന്റെ നടുക്കത്തില്‍ ശ്രീനിപുരത്തെ നാട്ടുകാര്‍. അച്ഛനും അമ്മയും ഏക സഹോദരിയും കണ്മുമ്പില്‍ തീപിടിച്ചു കത്തുമ്പോള്‍ ഒപ്പം തീയിലും പുകയിലുംപെട്ട് വീടിനുള്ളില്‍ അപകടത്തിലായിരുന്നു സഹോദരന്‍ അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്‍. പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഉണ്ണിക്കുട്ടന്‍ വീടിന് തീപിടിക്കുമ്പോള്‍ അകത്ത് ബാത്‌റൂമിലായിരുന്നു. സാരമായി പരുക്കുകള്‍ ഉണ്ടെങ്കിലും ഉണ്ണിക്കുട്ടന്റെ നില ഗുരുതരമല്ലന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ശ്രീനിപുരം പുത്തന്‍പുരക്കല്‍ സത്യപാലന്‍, ഭാര്യ സീതമ്മ, മകള്‍ അഞ്ജലി എന്നിവരാണ് ദാരുണമായി മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ശ്രീനിപുരം ജുമാ മസ്ജിദില്‍നിന്ന് നമസ്‌കാരം കഴിഞ്ഞു റോഡിലൂടെ വരികയായിരുന്ന വിലങ്ങുപാറ അജ്മലിനും സുഹൃത്ത് ഷാഫിയ്ക്കും ആ കാഴ്ച മറക്കാനാവുന്നില്ല. തീഗോളം പോലെ ഒരാള്‍ റോഡിലേക്ക് ഓടിയെത്തി വീഴുന്നത് കണ്ട് ഓടിച്ചെന്ന ഇവര്‍ ആദ്യം ഭയന്നുപോയിരുന്നു. സമനില വീണ്ടെടുത്ത ഇവരാണ് തുണിയും മറ്റും ഉപയോഗിച്ച് തീ കെടുത്തി ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അഞ്ജലി ആണ് തീഗോളം പോലെ റോഡിലേക്ക് ഓടിയെത്തി വീണത്. അഞ്ജലിയെ ഉടനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നാട്ടുകാര്‍ വെള്ളം ഒഴിച്ച് വീടിനുള്ളിലെ കനത്ത തീയും പുകയും അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ഉണ്ണിക്കുട്ടന് ഇതിനിടെയാണ് പുറത്തു കടക്കാനായത്.

തീയും പുകയും കരിഞ്ഞ ഗന്ധവും വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്ന ശബ്ദങ്ങളും ഒക്കെ രക്ഷപ്രവര്‍ത്തനത്തെ അപകടകരമാക്കിയിരുന്നു. പോലീസും അഗ്നിശമനസേന എത്തിയതോടെ ആണ് തീ പൂര്‍ണമായും കെടുത്താനായത്. വീടിനുള്ളില്‍ വെന്തുമരിച്ച നിലയിലായിരുന്നു സീതമ്മയുടെ മൃതദേഹം. പൂര്‍ണമായും കത്തിയ നിലയിലായിരുന്ന സത്യപാലന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ ഉടനെ ആശുപത്രിയിലേക്ക് എത്തിയ്ക്കുകയായിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തീവ്ര ചികിത്സയ്ക്കിടെ സത്യപാലനും മകളും വൈകുന്നേരത്തോടെ മരണപ്പെട്ടു.

അഞ്ജലിയുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെയാണ് വീട്ടില്‍ അത്യാഹിതം ഉണ്ടായതെന്ന് പോലിസ് പറഞ്ഞു. മൈക്ക് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും വാടകക്ക് നല്‍കിയിരുന്ന സ്ഥാപനമാണു സത്യപാലന്‍ നടത്തിയിരുന്നത്. ജനറേറ്ററും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ കരുതിയിരുന്ന ഇന്ധനമാണ് സീതമ്മ എടുത്തതെന്ന് പറയുന്നു. എരുമേലി സ്‌റ്റേഷനിലെ എസ്.ഐ. രാജേഷ് ജി, മറ്റു പോലീസുകാരായ ബിപിന്‍, രാഹുല്‍, സജീഷ്, ജയ്‌മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയില്‍നിന്നു ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Ads by Google
Saturday 12 Apr 2025 09.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google