കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിലായി തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ഇത്തരമൊരു ഉത്തരവിടാനാവില്ലെന്നു വിലയിരുത്തിയാണ് ജസ്‌റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്‌റ്റിസ് എസ്. മുരളീകൃഷ്‌ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
പള്ളി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 1934 ലെ ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ കെ.എസ്. വര്‍ഗീസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേസില്‍ ഉള്‍പ്പെട്ട പള്ളികള്‍ക്കല്ലാതെ എല്ലാ പള്ളികള്‍ക്കും ബാധകമാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ് ബെസ്‌ഫാഗെ, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര്‍ സെന്റ് തോമസ്, പാലക്കാട് മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്‍ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാന്‍ 2024 ഓഗസ്‌റ്റ് 30 ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതേത്തുടര്‍ന്നു സുപ്രീം കോടതിയെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി അപ്പീല്‍ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്കായി മടക്കുകയും ചെയ്‌തു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.
പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഹര്‍ജി, പള്ളി നടത്തിപ്പും സ്വത്തവകാശവുമായി ബന്ധപ്പെട്ട രണ്ടു വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം പരിഗണിക്കാനുള്ള സിവില്‍ സ്യുട്ടാവില്ലെന്നു കോടതി വ്യക്‌തമാക്കി. കെ.എസ്. വര്‍ഗീസ് കേസിലെ സുപ്രീം കോടതി വിധി, കേസില്‍ ഉള്‍പ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികള്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
1934 ലെ ഭരണഘടന ബാധകമായ ഇടവക പള്ളികള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് സുപ്രീം കോടതി ഉത്തരവ് അടിസ്‌ഥാനമാക്കാമെന്നല്ലാതെ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയിലെ എല്ലാ ഘടക ഇടവക പള്ളികളിലെയും തര്‍ക്കങ്ങള്‍ക്ക് കെ.എസ്. വര്‍ഗീസ് കേസിലെ ഉത്തരവ് അടിസ്‌ഥാനമാക്കിയെടുക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. തുടര്‍ന്ന് സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ നിയമപരമായി പരിഗണിച്ച് തീര്‍പ്പാക്കാനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.