Wednesday, March 25, 2026 Last Updated 6 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.39 AM

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തവും 16 വര്‍ഷം കഠിനതടവും ശിക്ഷ ; 2.12 ലക്ഷം രൂപ പിഴയും

uploads/news/2025/04/775558/driver.jpg

പത്തനംതിട്ട: കോവിഡ് ബാധിച്ച യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ യുവാവിനു ജീവപര്യന്തവും 16 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. കായംകുളം കീരിക്കാട് സൗത്ത് പനയ്ക്ക ചിറയില്‍ വീട്ടില്‍ നൗഫലി (29)നാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷ വിധിച്ചത്, 2.12 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 16 മാസത്തെ അധിക കഠിന തടവ് കൂടി അനുഭവിക്കണം.

2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി 11 ന് ശേഷമാണ് പീഡനം നടന്നത്. രാജ്യത്ത് ആദ്യമായി പട്ടികജാതി /വര്‍ഗ പീഡന നിരോധന നിയമപ്രകാരം വിചാരണ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ട കേസാണിത്. ബലാല്‍സംഗത്തിനു 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയും ശിക്ഷിച്ചപ്പോള്‍, ദേഹോപദ്രവം ഏല്‍പ്പിക്കലിന് ഒരു വര്‍ഷത്തെ കഠിന തടവും 1000 രൂപയും, സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് 4 വര്‍ഷം കഠിനതടവും 8000 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 3000 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പുകള്‍ അനുസരിച്ച് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ചൊരു കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.

കോവിഡ് സ്ഥിരീകരിച്ച പത്തൊന്‍പതുകാരിയെ പന്തളത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു നൗഫല്‍. യുവതിയെ പന്തളത്ത് ഇറക്കിയ ശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കോഴഞ്ചേരി ആശുപത്രിയില്‍ കൊണ്ടു വിടാനാണ് അടൂര്‍ ജനറല്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, നൗഫല്‍ ആദ്യം പോയത് കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിലേക്കാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അവിടെ ഇറക്കിയ ശേഷം യുവതിയുമായി വരുന്ന വഴി ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്ററിന് മുന്നില്‍ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോയി.

കോവിഡ് സെന്ററിലുള്ളവര്‍ യുവതിയോട് വിവരം തിരക്കിയപ്പോള്‍ പീഡന കഥ പറഞ്ഞു. ഇവിടെ നിന്ന് അറിയിച്ചത് പ്രകാരം അടൂര്‍ എസ്.ഐയായിരുന്ന ശ്രീജിത്ത് ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഹരികൃഷ്ണന്‍ ഹാജരായി. എസ്.ഐ ടി.രാജു, എസ്.സി.പി.ഓ ആര്‍. നൗഷാദ് എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ പങ്കാളികളായി.

Ads by Google
Saturday 12 Apr 2025 09.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google