ചെന്നൈ: ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള ആനൂകൂല്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഗുണം കിട്ടിയത് പുതുച്ചേരിയിലെ ആശാവര്‍ക്കര്‍മാര്‍ക്ക്. ഇവരുടെ ശമ്പളം 18,000 രൂപയാക്കി ഉയര്‍ത്താന്‍ നീക്കം. മുഖ്യമന്ത്രി എന്‍ രംഗസ്വാമി സഭയില്‍ വ്യക്തമാക്കി. 305 പുതിയ ആള്‍ക്കാര്‍ക്ക് കൂടി ആശാവര്‍ക്കര്‍മാരുടെ തസ്തികയില്‍ തൊഴിലവസരത്തിനും സാധ്യത തുറന്നു.
നിലവില്‍ പുതുച്ചേരിയില്‍ 10,000 രൂപയാണ് ആശമാരുടെ ശമ്പളം. ഇതില്‍ സംസ്ഥാന വിഹിതം നല്‍കുന്ന 7000 നൊപ്പം 8000 കൂടി സര്‍ക്കാര്‍ നല്‍കും. പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി അറിയിച്ചു. 328 ആശ വര്‍ക്കര്‍മാരുള്ള പുതുച്ചേരിയില്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ 305 പേരെ കൂടി നിയമിക്കാനാണ് ഉദ്ദേശം.
കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ സമരം നിരാഹാരത്തിലേക്ക് കടന്നിരിക്കുകയാണ്. 47 ദിവസം പിന്നിട്ടിരിക്കുന്ന സമരത്തില്‍ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തന്‍തോപ്പ് സി എച്ച് സി യിലെ ആശാവര്‍ക്കര്‍ ബീനാപീറ്റര്‍ , പാലോട് സി എച്ച് സി യിലെ എസ് എസ് അനിതകുമാരി എന്നിവര്‍ നിരാഹാര സമരം ഏറ്റെടുത്തു. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആശാവര്‍ക്കര്‍ കെ പി തങ്കമണി എന്നിവരെ കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റി.