തിരുവനന്തപുരം: ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും എന്തും പറയാമെന്ന കാഴ്ചപ്പാട് ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ എംപി. സ്വന്തമായി നേരിടുമ്പോള്‍ മാത്രം അതുണ്ടെന്ന് തിരിച്ചറിയാതെ വിവേചനം എവിടെ കണ്ടാലും തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി സമൂഹം വളര്‍ത്തിയെടുക്കണമെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിറത്തിന്റെ പേരില്‍ മോശം പരാമര്‍ശം നേരിടേണ്ടി വന്നത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കെ.രാധാകൃഷ്ണന്‍ എംപി യുടെ പ്രതികരണം വന്നത്. ആധിപത്യം സ്ഥാപിച്ചവരാണ് കറുപ്പ് മോശമാണെന്ന് പറഞ്ഞതെന്നും കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന ചോദ്യം ചെറുപ്പത്തില്‍ നേരിടേണ്ടി വരുമ്പോള്‍ മറിച്ച് കൊക്ക് കുളിച്ചാല്‍ കാക്കയാകുമോ എന്ന മറുചോദ്യം മനസ്സില്‍ വന്നിരുന്നതായും പറഞ്ഞു. ശാരദ മുരളീധരന്‍ തന്റെയും ഭര്‍ത്താവിന്റെയും നിറം ചേര്‍ത്ത് താരതമ്യപ്പെടുത്തി സന്ദര്‍ശകന്റെ ചോദ്യത്തിനെതിരേ ഇട്ട ഫേസ്ബുക്ക് കുറിപ്പ് വൈറലായി മാറിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ അനേകരാണ് പിന്തുണയുമായി എത്തിയത്.
നേരത്തേ പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ശാരദമുരളീധരന്റെ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും കറുത്ത നിറമുള്ള ഒരമ്മ തനിക്കും ഉണ്ടായിരുന്നെന്നും വി.ഡി. സതീശന്‍ കുറിച്ചിരുന്നു. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്നുമാണ് വി.ഡി. സതീശന്‍ കുറിച്ചത്. 'കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി എന്തിനാണ് കാണുന്നതെന്നും കറുപ്പ്് അത്രയും മനോഹരമായ നിറമാണെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് കറുപ്പെന്നും കുറിപ്പില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.