ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഗൾഫ് സഹകരണ കൗൺസിൽ , സമാധാനത്തിന് മുൻഗണന നൽകുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു.
ജി.സി.സി രാജ്യങ്ങൾ ഇറാെൻറ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളോട് സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുൻനിർത്തി ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി റിയാദിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ജി.സി.സിയുടെ പക്ഷം. യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാൻ വിവേകപൂർവം ചിന്തിക്കാനുമായി ഗൾഫ് രാജ്യങ്ങൾ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.