സംവിധായകന്‍ ഖാലിദ് ഹറ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടിക്കെതിരെ നടന്‍ ഹരീഷ് പേരടി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് നടന്‍ ഉന്നയിക്കുന്നത്. മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ഹരീഷിന്റെ പ്രതികരണം.
‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ "ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ"എന്ന തോന്നിയ മമ്മുക്കക്ക്..ഹൈബ്രീഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല... ’ഹരീഷ് പേരടിയുടെ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസമാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് പിടികൂടുയത്. പിന്നീട് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഉണ്ട എന്ന സിനിമയ്ക്കുശേഷം മമ്മൂട്ടി ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ രണ്ടമത്തെ ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്ലിന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.