വണ്ടൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയുമായ വലിയപീടിയക്കല്‍ മുഹമ്മദാലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക മുന്നേറ്റം ഉണ്ടായി. സംഭവത്തിന് പിന്നില്‍ മുഹമ്മദാലിയുടെ പിതൃസഹോദര പുത്രനായ സിയാസ് (54) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒളിവില്‍ കഴിയുകയായിരുന്ന സിയാസിനെ മലപ്പുറം ജില്ലയിലെ എടവണ്ണയിലെ ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്കെത്തിയ സമയത്ത് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
2025 ഡിസംബര്‍ 6-നാണ് കേസിന് തുടക്കമായ സംഭവം നടന്നത്. ചാലിശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം മുഹമ്മദാലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം തോക്കുചൂണ്ടി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് പ്രതികളില്‍നിന്ന് രക്ഷപ്പെട്ട മുഹമ്മദാലിയെ പരിക്കുകളോടെ ഒറ്റപ്പാലം കോതകുറിശ്ശിയില്‍ നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ ലഭിച്ചിരുന്നു.
സംഭവശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദാലിയെ ആദ്യം സന്ദര്‍ശിക്കുകയും ബന്ധുവെന്ന നിലയില്‍ ചികിത്സാ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കുകയും ചെയ്തത് സിയാസായിരുന്നു എന്നതാണ് കേസിലെ വിചിത്രത.
മുഹമ്മദാലിയുടെ ബിസിനസ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിശ്വസ്തനായ സിയാസ്, സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടായ ക്രമക്കേടുകള്‍ മുഹമ്മദാലി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലകളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതോടെ കടബാധ്യതയില്‍ പെട്ട സിയാസ് പ്രതികാരബോധത്തോടെ മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം തന്നെ അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിയാസിലേക്കെത്തിയത്. അറസ്റ്റ് ഭയന്ന് സിയാസ് വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പോലീസ് നിരീക്ഷണമാണ് ഒടുവില്‍ ഇയാളെ കുടുക്കിയത്.പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘമാണ് സിയാസിനെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ നേരിട്ട് പങ്കെടുത്ത മറ്റ് പ്രതികളെ പോലീസ് ഇതിനകം തന്നെ പിടികൂടിയിട്ടുണ്ട്.