Sunday, March 15, 2026 Last Updated 15 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

പാചകവാതകക്ഷാമം: 'വാര്‍ റൂം' തുറന്ന്‌ സംസ്‌ഥാനസര്‍ക്കാര്‍; വാണിജ്യ സിലിണ്ടറില്‍ ഇളവ് പരിഗണിക്കാമെന്ന് കമ്പനികള്‍, സ്‌റ്റോക്ക് എല്ലാ ദിവസവും വിലയിരുത്തും

പ്ലാന്റുകളിലെ പ്രതിദിന ഉത്‌പാദനം, നീക്കിയിരിപ്പ്‌ എന്നിവ സംബന്ധിച്ച വിവരം സിവില്‍ സപ്ലൈസ്‌ കമ്മിഷണറേറ്റില്‍ ദിവസേന നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ കമ്പനികള്‍ ലഭ്യമാക്കും.
uploads/news/2026/03/830264/k8.jpg

തിരുവനന്തപുരം: പശ്‌ചിമേഷ്യന്‍ യുദ്ധത്തേത്തുടര്‍ന്നുള്ള എല്‍.പി.ജി. ക്ഷാമം നേരിടാന്‍ ഭക്ഷ്യമന്ത്രിയുടെയും തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഉന്നതോദ്യോഗസ്‌ഥരും എണ്ണ കമ്പനി പ്രതിനിധികളും പങ്കെടുത്തു. പ്രതിസന്ധി നേരിടാന്‍ സിവില്‍ സപ്ലൈസ്‌ കമ്മിഷണറേറ്റില്‍ 'വാര്‍ റൂം' സജ്‌ജമാക്കി.
ഉപഭോക്‌തൃസംസ്‌ഥാനമായ കേരളത്തിന്റെ സവിശേഷസാഹചര്യം പരിഗണിച്ച്‌, വാണിജ്യ ഗ്യാസ്‌ സിലിണ്ടര്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കണമെന്ന്‌ എണ്ണ കമ്പനികളോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈയാവശ്യം ഉന്നയിച്ച്‌ കേന്ദ്രമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരിക്കു മന്ത്രി ജി.ആര്‍. അനില്‍ കത്തയയ്‌ക്കുകയും ചെയ്‌തു.
വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ജനകീയ/സുഭിക്ഷ ഹോട്ടലുകള്‍, സ്‌കൂള്‍, കോളജ്‌ ഹോസ്‌റ്റലുകള്‍, ഹോസ്‌റ്റലുകളോട്‌ ചേര്‍ന്നുള്ള ഹോട്ടലുകള്‍, അതിഥിമന്ദിരങ്ങള്‍, സര്‍ക്കാര്‍-പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ക്യാന്റീനുകള്‍ എന്നിവയ്‌ക്കു മുന്‍ഗണന നല്‍കണമെന്ന ആവശ്യം അനുകൂലമായി പരിഗണിക്കാമെന്ന്‌ എണ്ണ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. മുന്‍ഗണനാമേഖലകളുടെയും സ്‌ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണവകുപ്പ്‌ അംഗീകരിച്ച്‌, എണ്ണ കമ്പനികള്‍ക്കു കൈമാറും.
കമ്പനികള്‍ ഗാര്‍ഹിതേര ഉപയോക്‌താക്കളുടെ വിവരങ്ങള്‍ വകുപ്പിന്‌ കൈമാറും. വാര്‍ റൂമില്‍ ഐ.ടി. മിഷന്റെ പിന്തുണയോടെ ഇത്‌ വിശകലനം ചെയ്‌ത്‌ അവശ്യവിഭാഗത്തില്‍പ്പെട്ട ഗാര്‍ഹികേതര ഉപയോക്‌താക്കളുടെ പട്ടിക തയാറാക്കും.
പൊതുമേഖലാ ഗ്യാസ്‌ ഏജന്‍സികളുടെ സ്‌റ്റോക്ക്‌, വരവ്‌, വിതരണം, നീക്കിയിരിപ്പ്‌ അടക്കമുള്ള വിവരങ്ങള്‍ എല്ലാ ദിവസവും 11-നു മുമ്പ്‌ ജില്ലാഭരണകൂടത്തിനും പൊതുവിതരണവകുപ്പിനും എണ്ണ കമ്പനികള്‍ നല്‍കണമെന്നും തീരുമാനിച്ചു. ഇതിനായി ഡാഷ്‌ബോര്‍ഡ്‌ സംവിധാനമൊരുക്കാന്‍ ഐ.ടി. മിഷനെ ചുമതലപ്പെടുത്തി. അത്‌ സജ്‌ജമാകുന്നതുവരെ പൊതുവിതരണവകുപ്പ്‌ നല്‍കുന്ന ഗൂഗിള്‍ ഷീറ്റില്‍ കമ്പനികള്‍ വിവരം പങ്കിടും.
പ്ലാന്റുകളിലെ പ്രതിദിന ഉത്‌പാദനം, നീക്കിയിരിപ്പ്‌ എന്നിവ സംബന്ധിച്ച വിവരം സിവില്‍ സപ്ലൈസ്‌ കമ്മിഷണറേറ്റില്‍ ദിവസേന നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ കമ്പനികള്‍ ലഭ്യമാക്കും. സ്വകാര്യ ഗ്യാസ്‌ ഏജന്‍സികളുടെ സ്‌റ്റോക്ക്‌, തല്‍സ്‌ഥിതി, വിതരണം എന്നീ വിവരങ്ങള്‍ എല്ലാ ദിവസവും താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ ശേഖരിച്ച്‌ വിശകലനം ചെയ്യും.

ഗാര്‍ഹിക സിലിണ്ടര്‍ കടത്തിയാല്‍ കേസ്‌
വാണിജ്യാവശ്യത്തിനായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ കൂടാതെ, അഞ്ച്‌ സിലിണ്ടറില്‍ കൂടുതല്‍ സംഭരിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കി. ഗാര്‍ഹിക സിലിണ്ടറുകള്‍ ഹോട്ടലുകളിലേക്ക്‌ കടത്തി ഉപയോഗിക്കുന്നതു കണ്ടെത്തിയാല്‍ 1955-ലെ അവശ്യസാധനനിയമത്തിലെ എല്‍.പി.ജി. നിയന്ത്രണ ഉത്തരവുപ്രകാരം കേസെടുക്കും.

84 ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന

പാചകവാതക്ഷാമത്തിന്റെ പശ്‌ചാത്തലത്തില്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ 84 ഗ്യാസ്‌ ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തി. അനധികൃതമായി വിതരണം ചെയ്‌ത 57 സിലിണ്ടറുകള്‍ കോട്ടയം ജില്ലയിലും ഏഴെണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുത്തു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ അവധി ദിവസങ്ങളിലടക്കം സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google