ന്യൂഡല്‍ഹി: ജ്‌ഞാനപീഠ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ ആര്‍. വൈരമുത്തുവിന്. സൃഷ്‌ടിപരമായ ആഴവും തനതായ കാവ്യശൈലിയും കൊണ്ട് തമിഴ് സാഹിത്യത്തിനു നല്‍കിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഉന്നത പുരസ്‌കാരത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നു ഭാരതീയ ജ്‌ഞാനപീഠം അറിയിച്ചു. 2025 ലെ ജ്‌ഞാനപീഠം പുരസ്‌കാരമാണ് അദ്ദേഹത്തിനു നല്‍കുന്നത്.
1953 ജൂലൈ 13ന് തമിഴ്‌നാട്ടില്‍ ജനിച്ച ആര്‍. വൈരമുത്തു സമകാലീന തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ വ്യക്‌തികളിലൊരാളാണ്. പത്ത് വയസു മുതല്‍ വൈരമുത്തു കവിതകള്‍ എഴുതിത്തുടങ്ങി. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രഭാഷകനും കവിയുമായി അദ്ദേഹം അറിയപ്പെട്ടിരുന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സാഹിത്യ ജീവിതത്തില്‍ കവിത, ഗാനരചന, ഗദ്യരചന എന്നീ മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയനായി. കവിതാ സമാഹാരങ്ങളും നോവലുകളും ഉള്‍പ്പെടെ 37ല്‍ അധികം പുസ്‌തകങ്ങള്‍ വൈരമുത്തു രചിച്ചിട്ടുണ്ട്. കല്ലിക്കാട്ട് ഇതിഹാസം, കരുവച്ചി കാവിയം, തണ്ണി ദേശം, മൂന്നാം ലോക മഹായുദ്ധം എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്.
അവയില്‍ പലതും ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. മികച്ച ഗാനരചനയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏഴ് തവണ അദ്ദേഹം നേടിയിട്ടുണ്ട്. 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ പത്‌മശ്രീ നല്‍കി ആദരിച്ചു.
2014ല്‍ പത്‌മഭൂഷണ്‍ ബഹുമതി ലഭിച്ചു. അതേ വര്‍ഷം, അദ്ദേഹത്തിന്റെ നോവലായ കല്ലിക്കാട്ട് ഇതിഹാസത്തിന് സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തെ കലാമണി നല്‍കിയും ആദരിച്ചിട്ടുണ്ട്.
പി. ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ 1980ലാണ് അദ്ദേഹം തമിഴ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. 50 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 7,500ത്തിലധികം പാട്ടുകളും കവിതകളും എഴുതി. 7 ദേശീയ അവാര്‍ഡുകളും 6 തമിഴ്‌നാട് സംസ്‌ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പി.വി. അഖിലന്‍ (1975), ഡി. ജയകാന്തന്‍ (2002) എന്നീ രണ്ടു തമിഴ് എഴുത്തുകാര്‍ക്ക് മാത്രമേ മുമ്പ് ജ്‌ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുള്ളൂ.
ജ്‌ഞാനപീഠ പുരസ്‌കാരം 11 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും, വാഗ്‌ദേവിയുടെ (സരസ്വതി ദേവി) വെങ്കല പ്രതിമയും, ഒരു പ്രശംസാപത്രവും ഉള്‍ക്കൊള്ളുന്നു. ഇത് ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യത്തിനു നല്‍കുന്ന മികച്ച സംഭാവനകള്‍ക്ക് വാര്‍ഷികാടിസ്‌ഥാനത്തില്‍ നല്‍കുന്ന പുരസ്‌കാരമാണ്. പ്രതിഭ റേ അധ്യക്ഷയായ ഭാരതീയ ജ്‌ഞാനപീഠം സെലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. മാധവ് കൗശിക്, ദാമോദര്‍ മൗസോ, സുരഞ്‌ജന്‍ ദാസ്, എ. കൃഷ്‌ണ റാവു, പ്രഫുല്ല ഷിലേദാര്‍, കേശുഭായ് ദേശായി, ജാനകി പ്രസാദ് ശര്‍മ്മ, കെ. ശ്രീനിവാസ റാവു, മഹേശ്വര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടെയാണു തീരുമാനം.