സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് തിരിച്ചടിയായി. 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു.
ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എം ആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും.
എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.