Monday, March 16, 2026 Last Updated 7 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
രാജു പോള്‍
രാജു പോള്‍
Thursday 05 Mar 2026 11.45 PM

ഇടതിനൊപ്പം ചേരാന്‍ സിമി റോസ്‌ബെല്‍ ജോണും; വി.ഡി. സതീശനെ പരസ്യമായി എതിര്‍ക്കുന്ന നേതാവ്, പറവൂരില്‍ സ്വതന്ത്രയായി മത്സരിക്കും?

കോണ്‍ഗ്രസില്‍ പഴയ എ വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ട്‌. ലത്തീന്‍ സമുദായാംഗമായ സിമ്മി റോസ്‌ ബെല്‍, വി.ഡി. സതീശന്‍ മത്സരിച്ചേക്കാവുന്ന പറവൂരില്‍ സ്വതന്ത്രയായി മത്സരിച്ചാല്‍ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഭിന്നിപ്പിക്കാമെന്ന നേട്ടവുമുണ്ട്‌.
Kerala

കൊച്ചി: മുന്‍ എ.ഐ.സി.സി. അംഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സിമി റോസ്‌ ബെല്‍ ജോണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര മുഖമായി മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതു കേന്ദ്രങ്ങളില്‍ സജീവമായി.

സംസ്‌ഥാന സെക്രട്ടേറിയറ്റിലുള്ള എറണാകുളം ജില്ലയിലെ സി.പി.എം. നേതാക്കള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്‌തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെ പരസ്യമായി എതിര്‍ക്കുകയും പവര്‍ ഗ്രൂപ്പുകളുടെ വടംവലിയില്‍ താന്‍ ഒതുക്കപ്പെട്ടെന്ന്‌ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുകയും ചെയ്‌ത വനിതാ നേതാവാണ്‌ സിമി റോസ്‌ ബെല്‍ ജോണ്‍.

കൊച്ചി നഗരസഭയില്‍ റിബലായി മത്സരിച്ച വനിതാ നേതാവിനും യൂത്ത്‌ കോണ്‍ഗ്രസില്‍ ഒരു വോട്ടിന്‌ മാത്രം ജയിച്ച വനിതയ്‌ക്കും പിന്നീട്‌ പാര്‍ട്ടിയില്‍ ഉന്നത സ്‌ഥാനങ്ങള്‍ നല്‍കിയതിനെ സിമി റോസ്‌ ബെല്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ട പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ മൂന്നാഴ്‌ച മുമ്പ്‌ പശ്‌ചിമ കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്‌തതോടെയാണ്‌ സിമ്മിയെ ഇടതുപക്ഷം നോട്ടമിട്ടത്‌.

കോണ്‍ഗ്രസില്‍ കെ. കരുണാകരനുശേഷം വന്ന യുവതലമുറയിലെ ഒരു വിഭാഗത്തെ വി.ഡി. സതീശന്‍ ഒതുക്കിയെന്ന പരാതിയുമായി കൊച്ചിയില്‍ നേതാക്കളും പ്രവര്‍ത്തകരും സംഗമിച്ചിരുന്നു. ഡി.സി.സി. ഭാരവാഹിയും ബ്ലോക്ക്‌ പ്രസിഡന്റുമായിരുന്ന അബ്‌ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള 400 പേരാണ്‌ കൊച്ചിയില്‍ സംഗമിച്ചത്‌. പാര്‍ട്ടിയുടെ പേരില്‍ ലഭിച്ച പദവികള്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ മൂലം നഷ്‌ടപ്പെട്ടെന്ന്‌ വിശ്വസിക്കുന്ന പ്രവര്‍ത്തകരാണു സംഗമത്തില്‍ പങ്കെടുത്തവരില്‍ ഏറെയും.

അതിനിടെ, എറണാകുളത്ത്‌ മത്സരിക്കാന്‍ സി.പി.എം. ആവശ്യപ്പെട്ടിട്ടില്ലെന്നു പ്രഫ. കെ.വി. തോമസ്‌ പരസ്യമായി പ്രതികരിച്ച പശ്‌ചാത്തലത്തില്‍ സിമ്മി റോസ്‌ബെല്ലിന്റെ മത്സരസാധ്യത കൂടുകയാണ്‌. കോണ്‍ഗ്രസില്‍ പഴയ എ വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ട്‌. ലത്തീന്‍ സമുദായാംഗമായ സിമ്മി റോസ്‌ ബെല്‍, വി.ഡി. സതീശന്‍ മത്സരിച്ചേക്കാവുന്ന പറവൂരില്‍ സ്വതന്ത്രയായി മത്സരിച്ചാല്‍ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഭിന്നിപ്പിക്കാമെന്ന നേട്ടവുമുണ്ട്‌.കോട്ടപ്പുറം, വരാപ്പുഴ ലത്തീന്‍ രൂപതകളുടെ പിന്തുണഅവര്‍ക്ക്‌ ഉണ്ടാകുമെന്നും കണക്കുകൂട്ടലുണ്ട്‌. പറവൂരില്‍ കോണ്‍ഗ്രസ്‌ വിട്ട നഗരസഭാ ചെയര്‍പഴ്‌സനായിരുന്ന വത്സല പ്രസന്നകുമാറും സതീശനെതിരേ രംഗത്തുണ്ട്‌. വത്സലയുടെ സാന്നിധ്യം ഹൈന്ദവ വോട്ടുകളും ചിതറിക്കും. ഭിന്നിക്കുന്ന വോട്ടുകള്‍ ഇടതിനു നേട്ടമാകും.

പ്രസ്‌റ്റീജ്‌ മത്സരം നടക്കുന്ന പറവൂരില്‍ സതീശന്‍ മത്സരിക്കുമ്പോള്‍ ആ സീറ്റില്‍ പതിവുപോലെ സി.പി.ഐ. തന്നെ മത്സരിക്കാനാണ്‌ സാധ്യത. പറവൂര്‍ സി.പി.എമ്മിന്‌ വിട്ടുകൊടുക്കേണ്ടതില്ല എന്നാണ്‌ സിപിഐയിലെ പൊതു വികാരം.

അങ്ങനെയെങ്കില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി എന്‍.അരുണ്‍, സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം കെ.കെ. അഷറഫ്‌ എന്നിവരില്‍ ആര്‍ക്കെങ്കിലും സ്‌ഥാനാര്‍ഥിത്വം നല്‍കും.കോണ്‍ഗ്രസിനും സതീശനും എതിരായ നീക്കത്തില്‍ ഒരേസമയം സി.പി.ഐ. നേതാക്കളും സിമി റോസ്‌ ബെല്ലിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്‌.

രാജു പോള്‍

Ads by Google
രാജു പോള്‍
രാജു പോള്‍
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google