ദില്ലി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അപ്രതീക്ഷിത നീക്കത്തിലൂടെ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
2022 നവംബർ മുതൽ ബംഗാൾ ഗവർണറായിരുന്ന കോട്ടയം മണ്ണാനം സ്വദേശിയായ ആനന്ദബോസ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ്. മമത ബാനർജി സർക്കാരുമായി നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം.
ഗവർണർ പദവിയിൽ ആവശ്യമായ സമയം പൂർത്തിയാക്കിയെന്ന് രാജിക്ക് പിന്നാലെ അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് സാധ്യത. അതേസമയം, ആനന്ദബോസിനെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്നും ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
രാജിയുടെ യഥാർത്ഥ കാരണങ്ങൾ ഇപ്പോൾ തനിക്ക് അറിയില്ലെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയതാകാമെന്ന് താൻ സംശയിക്കുന്നതായി മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ ഗവർണറായി നിയമിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചുവെന്നും എന്നാൽ അത്തരമൊരു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. കേന്ദ്രത്തിന്റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെ തകർക്കുന്നതാണെന്നും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.