മലപ്പുറം: പൊന്നാനിയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട് പ്രചരണ പരിപാടിക്കൊരുങ്ങുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനും ജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച മലപ്പുറത്ത് നിന്നും ആരംഭിക്കും.
ആദ്യ പരിപാടി തിങ്കളാഴ്ച രാവിലെ മലപ്പുറം ബസ് സ്റ്റാന്റിലാണ് നടത്തുക. അതിവേഗ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ എല്ലാം ജന സമ്പര്‍ക്ക പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി അത് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തേ പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശ്രീധരന്‍ പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലാത്തതും നടപ്പാക്കാന്‍ കഴിയാത്തതുമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.