Saturday, March 14, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.21 AM

' അവന്റെ സിനിമ ലോകം കാണുന്നത് കാണാന്‍ അവന്‍ കാത്തുനിന്നില്ല' ; യുവസംവിധായകന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഇര്‍ഷാദ് അലി

young, film
photo-www.facebook.com/ActorIrshadAli

യുവസംവിധായകന്‍ നിതീഷ് സുധയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. മലയാളി മെമ്മോറിയല്‍ എന്ന നിതീഷിന്റെ ആദ്യ സിനിമയില്‍ ഇര്‍ഷാദ് അലി ആയിരുന്നു നായകന്‍.ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങി ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. മലയാളി മെമ്മോറിയലിന് മുന്‍പ് അതിന്റെ പ്രീക്വല്‍ എന്ന നിലയില്‍ നിതീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും നായകനായത് ഇര്‍ഷാദ് ആയിരുന്നു. നിതീഷ് ചെയ്തുവെച്ച സിനിമകളെങ്കിലും ലോകം കാണണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഇര്‍ഷാദ് അലി പങ്കുവെച്ചു.

ഇര്‍ഷാദ് അലിയുടെ വാക്കുകള്‍:

''അവന്‍ പോയി...എനിക്കവന്‍ ആരായിരുന്നു? അവന് ഞാന്‍ ആരായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തി ഇല്ല...സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന,ധാരാളം എഴുതുന്ന,ധാരാളം വായിക്കുന്ന,നേട്ടങ്ങള്‍ക്ക് വേണ്ടി തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതിരുന്ന ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നില്‍ അങ്ങ് ഇല്ലാതായി പോയത്...

സിനിമകളില്‍ സജീവമായതിന് ശേഷം ഞാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ ഒന്നും ചെയ്തിരുന്നില്ല...ഒരു ദിവസം കോട്ടക്കലില്‍ നിന്ന് അവന്റെ വിളി വരുന്നു...'ഇക്കാ... എന്റെ പേര് നിതീഷ്. എനിക്കൊരു ഷോര്‍ട് ഫിലിം ചെയ്യണം... ഇക്കയാണ് അതില്‍ അഭിനയിക്കുന്നത്....'സ്വന്തം സ്‌ക്രിപ്റ്റില്‍ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ആ പ്രൊജക്റ്റില്‍ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!

അവന്‍ സ്‌ക്രിപ്റ്റ് അയച്ചു. വായിച്ചപ്പോള്‍ ഇത് ചെയ്യാന്‍ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകള്‍ ഉണ്ടെന്ന് മനസ്സില്‍ തോന്നിയെങ്കിലും അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു. അത്രമേല്‍ ആ തിരക്കഥ എന്നെ ആകര്‍ഷിച്ചിരുന്നു.

അങ്ങനെയാണ് 'പിടിവാശി' എന്ന ഷോര്‍ട്ട് ഫിലിം ഉണ്ടാകുന്നത്. നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേര്‍ത്തു നിര്‍ത്തി അവന്‍ ആ ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കി. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല. ആ വര്‍ക്കില്‍ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് 'മലയാളി മെമ്മോറിയലി'ന്റെ കഥ പറയുന്നത്.

സോനുവും അസ്ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്നത്തിലേക്കു വേഗത്തില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്...പക്ഷേ,അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ
ഒന്നും അവനു സാധിച്ചില്ല...അതിനു മുന്‍പേ അവന്‍ മടങ്ങി... തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാന്‍ അവന്‍ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാള്‍ ഉപരി, എന്നെ നോവിക്കുന്നത്, അവന്റെ ഉള്ളില്‍ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്.

അവന്‍ ചെയ്തു വെച്ച സിനിമകള്‍ എങ്കിലും ലോകം കാണണം...അവനുവേണ്ടി ചെയ്യാന്‍ ഇനിയതല്ലേ ബാക്കിയുള്ളൂ! 32 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവനുള്ളില്‍ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്നമാണ് അവന്റെ സിനിമ. ആ തിരികെടാതെ കാക്കണം''.

Ads by Google
Saturday 28 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google