Sunday, March 15, 2026 Last Updated 32 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 01.25 PM

'' കൈയ്യടിക്ക് വേണ്ടിയാണോ? , ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിന്റെ പേരിലാണോ? '' ; മോഹന്‍ലാലിനെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

post

നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. കൈയ്യടിക്ക് വേണ്ടിയാണോ? ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയതിന്റെ പേരിലാണോ? അതോ മഹാത്മാ പിണറായി വിജയനോടുളള അതിര് കവിഞ്ഞ സ്‌നേഹത്തിന്റെ പേരിലാണോ മോഹന്‍ലാല്‍ ഈ അഭിമുഖത്തിന് തയ്യാര്‍ ആയതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അഖില്‍ മാരാര്‍ ചോദിക്കുന്നത്. പണം കൊണ്ട് എന്തും നേടാം. പണം കൊണ്ട് എന്തും മറയ്ക്കാം. അതിന് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കൂട്ട് നില്‍ക്കരുതായിരുന്നു എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

'' എല്ലാം സ്നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്...

ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരിൽ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികൾ.. പ്രധാന മന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്ക് വെച്ചതിന്റെ പേരിൽ എന്തെല്ലാം ആക്ഷേപം അങ്ങ് കേൾക്കേണ്ടി വന്നു... പാട്ട കൊട്ടിയതിന്റെ പേരിൽ, നില വിളക്ക് കൊളുത്തിയതിന്റെ പേരിൽ, ബ്ലോഗ് എഴുതിയതിന്റെ പേരിൽ... മലയാള സിനിമയിൽ നിന്ന് അങ്ങയെ ഇല്ലാതാക്കാൻ അങ്ങയുടെ പരാജയ ചിത്രങ്ങൾ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്.... അവരുടെ കൈയടിക്ക് വേണ്ടിയാണോ..? അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാർ ആയത്...?

വിശ്വാസി ആയ അങ്ങേയ്ക്ക് ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ കയറ്റാൻ കൂട്ട് നിന്ന ഒരു സർക്കാരിനെ അംഗീകരിക്കാൻ കഴിയുമോ..?
ശബരിമലയിലേ അയ്യപ്പന്റെ സ്വർണ്ണം കട്ട സർക്കാരിനെ അംഗീകരിക്കാൻ പറ്റുമോ..? നിലനില്‍പ്പിനു വേണ്ടി കള്ള കേസിൽ കുടുക്കി ഒരു തന്ത്രിയെ ജയിലിൽ ആക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉൾകൊള്ളാൻ കഴിയുമോ..?

പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം.. അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു.. അങ്ങ് വെളുപ്പിച്ചു ഇറക്കി കൊടുത്ത ചിരിക്കുന്ന പാവ കഴിഞ്ഞ 10 വർഷം കൊണ്ട് കേരള ജനതയെ കുരങ്ങ് കളിപ്പിച്ചത് അങ്ങേയ്ക്ക് അറിയില്ല എങ്കിലും പൊതു ജനത്തിനറിയാം.. സർക്കാർ പണം ഉപയോഗിച്ച് കോടികൾ മുടക്കി സൂപ്പർ താരങ്ങളെ ഉപയോഗിച്ച് PR ചെയ്തിട്ടല്ല കരുണാകരനും, നായനാരും , ഉമ്മൻ ചാണ്ടിയും, വി എസും ഒക്കെ ജന ഹൃദയങ്ങൾ കീഴടക്കിയത്... അവരുടെ പ്രവർത്തി ഒരു ഫ്ളക്സ് ബോർഡ് പോലും കണ്ടല്ല ജനം തിരിച്ചറിഞ്ഞത്.. ജനങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഒരു നേതാവിന്റെയും നേട്ടങ്ങൾ ഓരോ ജനതയ്ക്കും അവന്റെ അനുഭവങ്ങൾ കൊണ്ട് അറിയാം..അങ്ങനെ അറിയുമ്പോൾ മാത്രമേ അവർ നേതാവായി മാറുകയുള്ളു..

നിതിൻ ഗദ്ഗരി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പരസ്യ ബോർഡുകൾ ഒഴിവാക്കണം എന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു.. അദ്ദേഹം പറഞ്ഞത് അനാവശ്യ പ്രദർശന രാഷ്ട്രീയത്തിന് പകരം നേരിട്ട് ജനങ്ങൾക്ക് ബോധ്യപ്പെടണം എന്നായിരുന്നു.. ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഏതൊരാളും അറിയും ആരാണ് നിതിൻ ഗദ്ഗരി എന്ന്..? ട്രെയിൻ ഉപയോഗിക്കുന്ന ഏത് സാധാരണക്കാരനും അറിയും ആരാണ് അശ്വനി വൈഷ്ണവ് ആരാണെന്ന്..?

എന്തായാലും ലാലേട്ടനെക്കാളും മികച്ച നടൻ കേരളത്തിൽ ഉണ്ടെന്ന് പിണറായി കാണിച്ചു തന്നു... ഉർവശിയേക്കാൾ മികച്ച നടിയാണ് താൻ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു.. ഇവർ അഭിനയിച്ച പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷൻ നന്നായി നടക്കുന്നുണ്ട്.. ലാലേട്ടൻ പ്രൊമോട്ട് ചെയ്തോളു... വിലയിരുത്താൻ കേരളത്തിൽ ധാരാളം അശ്വന്ത് കൊക്കുമാർ ഉണ്ട്... അവർ സത്യം പറയും... ആ സത്യം കേരളം ഏറ്റെടുക്കും.''

Ads by Google
Friday 27 Feb 2026 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google