റിലീസ് ചെയ്യാനിരിക്കുന്ന രാധിക ശരത് കുമാര്‍ ചിത്രം തായ് കിഴവിയെ പ്രശംസിച്ച് നടി ജ്യോതിക.. സംവിധായകന്‍ ശിവകുമാര്‍ മുരുകേശന്‍, നിര്‍മാതാവ് ശിവകാര്‍ത്തികേയന്‍, നടി രാധിക ശരത് കുമാര്‍ എന്നിവരെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. പുരോഗമനപരമായ സിനിമ എന്നാണ് ചിത്രത്തെ താരം വിശേഷിപ്പിച്ചത്. സൂര്യയോടൊപ്പം ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ ജ്യോതിക പങ്കെടുത്തിരുന്നു. ഫെബ്രുവരി 23 ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടതിനുശേഷമാണ് ജ്യോതിക തന്റെ ചിന്തകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘സ്ത്രീത്വത്തിന്റെ സത്തയും ശക്തിയും ഇത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് കാണാന്‍ എത്ര സന്തോഷം. ഹൃദയസ്പര്‍ശിയായതും തീര്‍ച്ചയായും നല്ലതായി തോന്നുന്നതും എന്നാല്‍ ഏറ്റവും പ്രധാനമായി ഇത്രയും പുരോഗമനപരമായ ഒരു സിനിമ.
ഡയറക്ടര്‍ ശിവകുമാര്‍ മുരുകേശന്‍, ഇത് നിങ്ങളുടെ ആദ്യ ചിത്രമാണോ ? നമ്മുടെ സമൂഹത്തിന് നിങ്ങള്‍ എത്ര പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നല്‍കിയത്. ഇത്രയും മാന്യമായ നര്‍മവും ലാളിത്യവും. നിങ്ങളുടെ കഥ കണ്ട ഒരു സ്ത്രീ എന്ന നിലയില്‍ വളരെ അഭിമാനം തോന്നി. നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ കഥാപാത്രത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നു.
ശിവകാര്‍ത്തികേയന്‍, രാധികയെപ്പോലുളള ഒരു പവര്‍ ഹൗസ് പ്രതിഭയ്ക്ക് അവര്‍ അര്‍ഹിക്കുന്ന വേദി നല്‍കിയതിന് നന്ദി, പ്രായപരിധി വകവയ്ക്കാതെ ഒരു സ്ത്രീയെയും അവരുടെ ശുദ്ധമായ കഴിവിനെയും കുറിച്ച് ഒരു സിനിമ നിര്‍മിച്ചതിന് മുഴുവന്‍ നടി സമൂഹത്തിന്റെയും പേരില്‍ നന്ദി. സ്ത്രീകള്‍ക്ക് വേണ്ടി ഇത്രയും പ്രധാനപ്പെട്ട ഒരു സിനിമയെ നിങ്ങളുടെ താരശക്തി ഉപയോഗിച്ച് പിന്തുണച്ചതിന് നന്ദി.
രാധിക ശരത് കുമാര്‍, നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. വളരെ പ്രചോദനകരമാണ്. ഈ വേഷത്തിനായി ശാരീരികമായി ചെലവഴിച്ച കഠിനാധ്വാനം സങ്കലപ്പിക്കാന്‍ പോലും കഴയില്ല. തായ് കിഴവി ശക്തിയും ബുദ്ധിയും മാത്രമല്ല, ഏറ്റവും സുന്ദരിയുമായിരുന്നു, അവര്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഓഫ്‌സ്‌ക്രീന്‍ രാധികയുടെ പ്രതിഫലനമാണ്. നിങ്ങളുടെ ശരീരഭാഷ, ചിരി, സംഭാഷണ പ്രകടനം, ചെറിയ ആംഗ്യങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു, ഇത് ഒരു നടി എന്ന നിലയില്‍ നിങ്ങളെ വേറിട്ടു നിര്‍ത്തുന്നു.
എനിക്ക് തായ് കിഴവി വെറും ഒരു സ്ത്രീ കേന്ദ്രീകൃത എന്റര്‍ടെയ്നര്‍ മാത്രമല്ല. സമൂഹത്തെയും സിനിമയെയും ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സിനിമയാണിത്. അഭിമാനിക്കൂ ടീം തായ് കിഴവി ’ജ്യോതിക കുറിച്ചു.
ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത തായ് കിഴവിയില്‍ രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മ്മിച്ച ഈ ചിത്രം ഫെബ്രുവരി 27 ന് റിലീസ് ചെയ്യും.