Saturday, March 14, 2026 Last Updated 25 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.01 PM

' ഞാന്‍ ഏത് പാര്‍ട്ടിയാണ് വിട്ടത് ? , സുരേഷ് ഗോപി തൃശൂരില്‍ ജയിക്കും എന്ന് പറഞ്ഞ ഞാന്‍ കോണ്‍ഗ്രസ്സ് ആണോ?' ; അഖില്‍ മാരാര്‍

uploads/news/2026/02/827206/akhil-marar-nda.jpg
photo-www.facebook.com/Akhilmarar123

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അനുകൂലിച്ചും പലപ്പോഴും വലതുപക്ഷത്തിന് ഒപ്പം നില്‍ക്കുകയും ചെയ്ത അഖില്‍ മാരാരിന്റെ എന്‍ഡിയേയിലേക്കുളള മാറ്റം മലയാളികള്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ക്കെതിരെ ഉയരുന്നത്.

ഇപ്പോള്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ രാഷ്ട്രീയ കാഴ്ചപാടുകളെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവരാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് അഖില്‍ മാരാരുടെ വാക്കുകള്‍. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലായിരുന്നു എന്ന് പറയുകയാണ് അഖില്‍ മാരാര്‍. പ്രതിപക്ഷത്തിനെതിരെ സംസാരിച്ച തന്നെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉപയോഗിക്കുകയായിരുന്നെന്നും അഖില്‍ മാരാര്‍ കുറിച്ചു. മതേതര മൂല്യവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പിണറായി വിരുദ്ധതയും ഉളളത് കൊണ്ടും കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒപ്പം വേദി പങ്കിട്ടു എന്നതു കൊണ്ടും മാത്രം താന്‍ കോണ്‍ഗ്രസ്സുകാരന്‍ ആകുമോ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഖില്‍ മാരാര്‍ ചോദിക്കുന്നത്.

അഖില്‍ മാരാര്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

യൂ ടൂബിലും ഫേസ്ബുക്കിലും പലർക്കും ഞാൻ ഒരു വരുമാന മാർഗം ആവുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... പക്ഷെ നിങ്ങളിൽ പലരും എന്നെക്കുറിച്ചോ എന്റെ രാഷ്ട്രീയ കാഴ്ച പാടുകളെ കുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരായി പോയത് കൊണ്ട് നിങ്ങളോട് എനിക്ക് കുറച്ചു ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്...

1. ഞാൻ ഏത് പാർട്ടിയാണ് വിട്ടത്...?
2. എന്തായിരുന്നു എന്റെ രാഷ്ട്രീയ നിലപാട്..? എന്താണ് 20/20 യിൽ ചേർന്ന ശേഷം ഞാൻ മാറ്റി പറഞ്ഞത്...
ഈ വിഷയത്തിൽ യാതൊരു ബോധ്യവുമില്ലാത്തവരോട്...
A.പണം നൽകി സെലിബ്രിറ്റി എന്ന നിലയിൽ പാർട്ടി വേദികളിൽ എന്നെ വിളിച്ചത് ഞാൻ പറഞ്ഞിട്ടാണോ..?
B. പറഞ്ഞ തുക വാങ്ങി ഞാൻ ഒരു പരുപാടിയിൽ പങ്കെടുത്താൽ ഞാൻ കോൺഗ്രസ്സ്കാരൻ ആയി മാറുമോ..?
C. കഴിഞ്ഞ 5 വർഷം അതായത് മുഖ്യ ധാരയിൽ വന്ന ശേഷം ഒരു തവണ എങ്കിലും രാഹുൽ ഗാന്ധിയെ അനുകൂലിച്ചു ഒരു വരി ഞാൻ എഴുതി കണ്ടിട്ടുണ്ടോ..?
D. സുരേഷ് ഗോപി തൃശൂരിൽ ജയിക്കും എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
E.സവർക്കറേ തള്ളി പറയില്ല എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
F.ഗാന്ധിയോട് ഒരു കാലത്തും ആരാധന തോന്നിയിട്ടില്ല എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
G.പൗരത്വ ഭേദഗതി, നോട്ട് നിരോധനം ഇവ അനുകൂലിച്ച ഞാൻ കോൺഗ്രസ്സ്കാരൻ ആണോ..?
ഇനി മതേതര മൂല്യവും കമ്മ്യൂണിസ്റ് വിരുദ്ധതയുംപിണറായി വിരുദ്ധതയും ഒക്കെ ഉള്ളത് കൊണ്ടും കോൺഗ്രസ്സ് നേതാക്കളുടെ ഒപ്പം വേദി പങ്കിട്ടത് കൊണ്ടും മാത്രം ഞാൻ കോൺഗ്രെസ്സുകാരൻ ആകുമോ...

20/20 എന്ന മതേതര പാർട്ടിയിൽ ആണ് ഞാൻ ചേർന്നത്.. ചേർന്ന ഉടനെ മറ്റുള്ള രാഷ്ട്രീയക്കാർ ആക്ഷേപിക്കും പോലെ കോൺഗ്രസിനെയോ നേതാക്കളെയോ ഞാൻ ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല.. എനിക്ക് പ്രവർത്തിക്കാൻ കൂടുതൽ സൗകര്യമായ ഒരു രാഷ്ട്രീയ ആശയം ഞാൻ സ്വീകരിച്ചു എന്നാണ് പറഞ്ഞത്.. ഇതിൽ എന്ത് നിലപാട് ആണ് ഞാൻ മാറ്റിയത്.. മാധ്യമങ്ങൾ ഇന്ന് പിണറായിയെ കുറ്റം പറയും.. നാളെ പൊക്കി പറയും.. കോൺഗ്രസ്സിനെ ചിലപ്പോൾ അനുകൂലിക്കും.. ചിലപ്പോൾ ആക്ഷേപിക്കും.. ബിജെപിയെ ആക്രമിക്കും ചില വിഷയങ്ങളിൽ പൊക്കി പറയും..
അവർക്ക് നിലപാട് ഇല്ലാത്തത് കൊണ്ടാണോ..? അതോ അവരെല്ലാം നിങ്ങളുടെ ഭാഷയിൽ പല തന്തയ്ക്ക് പിറന്നവർ ആയത് കൊണ്ടാണോ..?
കാരണം മാധ്യമ പ്രവർത്തകർ നിക്ഷ്പക്ഷരാണ്.. അവർക്ക് ഒരു വിശയത്തിലെ ശെരി മറ്റൊരു വിഷയത്തിൽ തെറ്റ് ആകും.. അതല്ലെങ്കിൽ സത്യം ചിലപ്പോൾ സിപിഎം നൊപ്പമാകും.. ചിലപ്പോൾ കോൺഗ്രെസ്സിനൊപ്പം.. ചിലപ്പോൾ ബിജെപിയ്ക്ക് ഒപ്പം..അതനുസരിച്ചു ജനങ്ങൾക്ക് വേണ്ടി അവർ ശബ്ധിക്കും.. ഞാനും എനിക്ക് കഴിയുന്ന രീതിയിൽ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു.. സർക്കാരിനെ ആക്രമിച്ചു.. ചില വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെയും മോദിയെയും വിമർശിച്ചു..എന്തിന് പ്രതിപക്ഷ നേതാവിനെ പോലും വിമർശിച്ചു.. രസകരമായ സത്യം സാബു ജേക്കബിനെയും വിമർശിച്ചിട്ടുണ്ട് എന്നതാണ്... ഒരു പാർട്ടിയിലും അംഗം അല്ലാതിരുന്ന എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്..പ്രതിപക്ഷ സ്വരമായി സംസാരിച്ചത് വിഷയങ്ങളുടെ ശെരികൾ നോക്കിയാണ്.. അത്‌ കോൺഗ്രസ്സിന് ഗുണം ചെയ്തപ്പോൾ അവർ അത്‌ പ്രചരിപ്പിച്ചു..അവർ എന്നെ ഉപയോഗിച്ചു.. നേതാക്കന്മാരുടെ PR ടീമുകൾ എന്നെ ഉപയോഗിച്ചു.. എനിക്ക് കോൺഗ്രസ്സിൽ സീറ്റ് ഉണ്ടാകും എന്ന പ്രതീതി സൃഷ്ടിച്ചെടുത്തതും അവരാണ്.. നേതാക്കൾ ഞാൻ പാർട്ടിയിൽ സജീവമാകണം എന്ന് പറഞ്ഞു...

രാഷ്ട്രീയ പ്രവേശനം കോൺഗ്രസ്സിൽ ആയാൽ ഭാവിയിൽ ഞാൻ ബിജെപി യിൽ എത്തേണ്ടി വരും.. കാരണം എനിക്ക് കോൺഗ്രസ്സിന്റെ ദേശീയ നേതാക്കളെ താല്പര്യമില്ല.. അവരുടെ വിവരക്കേടുകൾ എനിക്ക് എതിർക്കേണ്ടി വരും.. ആ ചിന്തയാണ് എനിക്ക് നാടിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന എന്റെ കാഴ്ചപ്പാടുകൾ കൂടുതൽ ചേർന്ന് നിൽക്കുന്ന എന്നാൽ മതേതര ബോധ്യം എല്ലാക്കാലത്തും ഉയർത്തി പിടിക്കാൻ കഴിയുന്ന നാളെയുടെ രാഷ്ട്രീയമായ 20/20 തിരഞ്ഞെടുത്തത്.. ഇനി അഖിൽ മാരാർ എന്ന വ്യക്തിയുടെ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല.. 3 ദിവസം മുൻപ് ഒരു പാർട്ടിയിൽ അംഗമായി.. NDA മുന്നണിയുടെ ഭാഗമായി ഇനി മുതൽ പാർട്ടിയുടെയും മുന്നണിയുടെയും ആശയം പറയും.. രാജ്യം പരമാധികാരത്തോടെ 12 വർഷമായി മോദി ഭരിച്ചിട്ടും ഒരു മുസൽമാന് പോലും രാജ്യം വിട്ട് ഓടി പോകേണ്ടി വന്നിട്ടില്ല എങ്കിൽ 20/20യിൽ ചേർന്ന ഞാൻ എന്ത് ഭീഷണിയാണ്.. തീവ്രവാദികളെ തുടച്ചു നീക്കും.. ആട്ടിൻ തോലണിഞ്ഞു എത്രയൊക്കെ മതേതരത്വം പറഞ്ഞു കോൺഗ്രസ്സിന്റെ കൂടെ കൂടിയാലും രാജ്യത്തെ ഇല്ലാതാക്കാൻ നോക്കുന്നു ഒരുത്തനെയും വെറുതെ വിടില്ല... കൂട്ടമായി ആക്രമിച്ചു ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്ന പാകിസ്ഥാൻ തന്ത്രം കേരളത്തിൽ അധിക നാൾ വാഴില്ല..

NB : മുന്നോട്ട് നയിക്കാൻ മഹാ ഗണപതി കൂടെ ഉള്ളവനോട് തടസങ്ങളുടെ പേര് പറഞ്ഞു വിരട്ടാൻ നിക്കണ്ട.. തീരുമാനം എടുക്കുന്നത് ഞാനല്ല.. ഞാൻ വെറും ഉപകരണം മാത്രം..

Ads by Google
Wednesday 25 Feb 2026 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google