ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങവെ നടി ഉര്‍വശിയോടുള്ള യൂട്യൂബറുടെ ചോദ്യവും അതിന് ഉര്‍വ്വശി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശി നേടിയത്. നടന്‍ ഇന്ദ്രജിത്തും നടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കിയത്. എന്നാല്‍ ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള യോഗ്യത ഗൗരി നന്ദയ്ക്കില്ലെന്നായിരുന്നു യൂട്യൂബറുടെ വാദം.
'ചേച്ചിയെപ്പോലൊരാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദയ്ക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചുവല്ലേ' എന്നാണ് യൂട്യൂബര്‍ ഉര്‍വ്വശിയോട് ചോദിച്ചത്. അവാര്‍ഡ് വാങ്ങി തിരികെ പോകാന്‍ കാറില്‍ കയറിയപ്പോഴാണ് ഊര്‍വ്വശി ഈ ചോദ്യം നേരിട്ടത്. ചോദ്യത്തിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഉര്‍വശിയുടെ മറുപടി.
''അങ്ങനെയല്ലല്ലോ കാര്യം. അവര്‍ തരുന്നത് സന്തോഷത്തോടെയല്ലേ. കിട്ടുന്ന പുരസ്‌കാരത്തിന് ഒരു മൂല്യമുണ്ട്. തരുന്നവര്‍ എത്ര ഹൃദയപൂര്‍വ്വമായിട്ടാണ് തരുന്നത് എന്നയിടത്താണ് കാര്യം. രണ്ടും തുല്യമാണ്. കാമറയ്ക്ക് മുന്നില്‍ വന്നാല്‍ ഏത് ആര്‍ട്ടിസ്റ്റാണ് വലുതും ചെറുതും. എല്ലാവരും നന്നായി പെര്‍ഫോം ചെയ്താല്‍ ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും നല്ല ആര്‍ട്ടിസ്റ്റു തന്നെയല്ലേ'' എന്നായിരുന്നു ഉര്‍വശിയുടെ മറുപടി.
യൂട്യൂബറുടെ ചോദ്യം ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. അതേസമയം ഉര്‍വശിയുടെ പക്വതയുള്ള മറുപടിയ്ക്ക് അവര്‍ കയ്യടിക്കുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കമന്റുമായി നടി ഗൗരി നന്ദയുമെത്തി. ''വളച്ചൊടിച്ച് വാര്‍ത്ത ആക്കാന്‍ നോക്കിയ ആ ചേട്ടന് എന്റെ നന്ദി'' എന്നായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം.
ഉര്‍വശിയുടെ പ്രതികരണത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നല്ല തെറി പറയാന്‍ വന്നിട്ട് പിടിച്ച് നിന്ന് ഡിപ്ലോമസി കാണിച്ച ഉര്‍വശി ചേച്ചിയ്ക്ക് 100 മാര്‍ക്ക് എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി പറയുന്നത്. കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കിയതാ നടന്നില്ലെന്നും ആരാധകര്‍ പറയുന്നു.