വിവാദമായ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. നിരവധിപ്പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
നടന്‍ പ്രകാശ് രാജും വിവാദത്തില്‍ പ്രതികരിച്ചിരുന്നു. ബീഫ്, പോര്‍ക്ക്, മത്സ്യം, സദ്യ എന്നീ ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പോര്‍ക്കും ബീഫും മീനുമെല്ലാം സദ്യയോടൊപ്പം തന്നെ നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഇപ്പോള്‍ പ്രകാശ് രാജിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റോറി 2 സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്.
എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. '' പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുളള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍, അദ്ദേഹവും സാധാരണ മനുഷ്യനെപ്പോലെ തന്നെ താഴ്ന്നവനാണെന്ന് തോന്നുന്നു'' എന്നാണ് അദ്ദേഹം പറയുന്നത്.
'' അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയില്ല. ഞാനത് ഗൗനിക്കുന്നുമില്ല. കാരണം അദ്ദേഹം കഴിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. പക്ഷെ നമ്മുടെ പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുന്നില്ലേ? അത് ശരിയാണെങ്കില്‍ പ്രകാശ് രാജിന്റെ മനസാക്ഷിയെ ഞാന്‍ ചോദ്യം ചെയ്യുകയാണ്. അത് അംഗീകരിക്കാനാകില്ല. ഒരാളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും ഇന്ത്യന്‍ സമൂഹം അംഗീകരിക്കില്ല. അദ്ദേഹം ബൗദ്ധികമായി പാപ്പരായിരിക്കുകയാണ്'' എന്നാണ് കാമാഖ്യ നാരായണ്‍ സിങ് പറഞ്ഞത്.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിലെത്തും. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്.