ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ (73) മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികാരക്കൊലയാണോ എന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിൽ സൂര്യനാരായണൻ തനിച്ചായിരുന്നു താമസം. തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് അദ്ദേഹം താമസത്തിനായി നൽകുന്നുണ്ടായിരുന്നു.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്.
ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു.
പ്രഭാകരന്‍റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തി 2005 ൽ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തിൽ വിഷ്ണുപ്രിയ അഭിനയിച്ചിരുന്നു.