വിവാദ ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്്.
ഇപ്പോഴിതാ സാമൂഹിക പ്രവര്‍ത്തകയും പാച്ചുവും അത്ഭുതവിളക്കും, ഡൊമിനിക് ആന്റ് ദ് ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി വിജി വെങ്കടേഷും സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. കേരള സ്റ്റോറി 2 നെക്കുറിച്ചുളള രസകരമായ റീലുകള്‍ കണ്ട് താന്‍ ചിരിച്ചു മരിച്ചുവെന്ന് വിജി ഫേസ്ബുക്കില്‍ കുറിച്ചു. അവരില്‍ നിന്ന് ഒരു കാര്യം മനസിലാക്കിയെന്നും ബീഫിനൊപ്പം പൊറോട്ട വിളമ്പിയാല്‍ ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല എന്നതാണ് അതെന്നുമാണ് വിജി കുറിച്ചത്. ചിത്രത്തിലെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ഏറെ വിവാദമായത്.
ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളാണ് ഈ രംഗത്തിനെതിരെ ഉയരുന്നത്.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിലെത്തും. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്.