Saturday, March 14, 2026 Last Updated 19 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 02.02 PM

ചിരുവിന്റെ മരണശേഷം പലരുടെയും തനിനിറം കണ്ടു, ഏറ്റവും വേദനിപ്പിച്ചത് അടുത്തുളളവര്‍; മേഘ്‌ന രാജ്

meghana-raj
photo-www.instagram.com/megsraj/

ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് നടി മേഘന രാജ്. ചിരുവിന്റെ മരണ ശേഷം പലരുടേയും തനിനിറം കണ്ടുവെന്നാണ് മേഘന പറയുന്നത്. തന്റേയും ചിരുവിന്റേയും പേര് സ്വന്തം പ്രശസ്തി വളര്‍ത്താന്‍ മാത്രമായി ചിലര്‍ ഉപയോഗിച്ചുവെന്നും മേഘന പറയുന്നു. ഏറ്റവും അടുത്തവരില്‍ നിന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായതെന്നും താരം പറയുന്നു.

''പരസ്യമായി വേദന പ്രകടിപ്പിക്കേണ്ടിയിരുന്നില്ല. സോഷ്യല്‍ മീഡിയ കാലത്ത് വേദനയും പണമായി മാറും. എന്റെ വേദനയെ മറ്റ് ചിലര്‍ തങ്ങളുടെ താരമൂല്യം ഉയര്‍ത്താന്‍ ഉപയോഗിച്ചു. മേഘ്‌നയുടെ പേര് ഉപയോഗിച്ചാല്‍ തങ്ങള്‍ക്ക് ഉയരാമെന്ന് കരുതി. ഞാനത് ഇഷ്ടപ്പെടുന്നില്ല. ഇപ്പോഴും അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഞാന്‍ പറയും. ചീരുവിന്റെ പേര് തലക്കെട്ടാക്കാന്‍ ഉപയോഗിക്കരുത്. നല്ലതിന് വേണ്ടിയാണ് ഉപയോഗിക്കേണ്ട്. വ്യൂസും പണവുമുണ്ടാക്കാനല്ല'' എന്നാണ് മേഘന പറയുന്നത്.

'ഞാന്‍ ആരുടേയും പേര് പറയാനോ വിരല്‍ ചൂണ്ടാനോ ആഗ്രഹിക്കുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചവരുണ്ട്. അതും ഏറ്റവും അടുത്തവരാണ്. ഞാനതിനെ പ്രോത്സാഹിപ്പിക്കില്ല. ഇഷ്ടവുമില്ല. അതിനെതിരെ എനിക്ക് എന്താണ് ചെയ്യാനാവുക എന്നറിയില്ല. പക്ഷെ ആളുകള്‍ ചെയ്തിട്ടുണ്ട്.'' എന്നും താരം പറയുന്നു. റയാന്‍ മിഥുന് നല്‍കിയ അഭിമുഖത്തിലാണ് മേഘന മനസ് തുറന്നത്.

പലരുടേയും തനി നിറം കണ്ടു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തവരില്‍ നിന്നുമാണ് അതുണ്ടായത്. പലരും തങ്ങളുടെ തനി നിറം കാണിച്ചു. ഇപ്പോള്‍ എന്നില്‍ നിന്നും ഒന്നും നേടാനില്ല അവര്‍ക്ക്. എന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്നതിലൂടെ അവര്‍ക്കൊന്നും നേടാനില്ലെന്നായി. അപ്പോള്‍ പലരുടേയും നിറം മാറുന്നത് കണ്ടു. മഴവില്ല് തന്നെ ഞാന്‍ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. തന്നെ വേദനിപ്പിച്ച സംഭവവും മേഘന പങ്കുവെക്കുന്നുണ്ട്.

''ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ആ വ്യക്തിയില്‍ നിന്നും ഞാന്‍ അതുപോലൊരു മറുപടിയല്ല പ്രതീക്ഷിച്ചത്. ചിലപ്പോള്‍ ചിലരോട് സംസാരിക്കുന്നത് സുരക്ഷിതമാണെന്ന് നമുക്ക് തോന്നും. വളരെ ലോജിക്കലായി ചിന്തിക്കുന്ന പക്വതയുള്ള ആളെന്നാണ് കരുതിയത്. ആ വ്യക്തിയോട് ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ പലവട്ടം സംസാരിച്ചിട്ടുണ്ട്. ഒരു ദിവസം സംസാരിക്കവെ എന്നോട് തെറാപ്പിയ്ക്ക് പോകാനോ പേപ്പറില്‍ എഴുതിയ ശേഷം കത്തിച്ചു കളയാനോ പറഞ്ഞു. ചില മുറിവുകള്‍ ആഴമുള്ളതായിരിക്കും. ഏറ്റവും അടുപ്പമുള്ളവരാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക'' എന്നാണ് മേഘന പറയുന്നത്.

Ads by Google
Saturday 21 Feb 2026 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google