Sunday, March 15, 2026 Last Updated 44 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 05.34 PM

‘ആ രംഗം കണ്ടപ്പോൾ അമ്മ പണ്ട് കഫ്സിറപ്പ് കുടിപ്പിച്ചത് ഓർമ്മ വന്നു; ഫ്രീയായി ബീഫ് കിട്ടുന്ന സ്ഥലമുണ്ടെങ്കില്‍ പറയണം...’കേരള സ്റ്റോറി 2 വിനെ ട്രോളി ലക്ഷ്മി മേനോന്‍; പിന്നാലെ സൈബര്‍ ആക്രമണം

നടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ലക്ഷ്മി മേനോന്റെ ട്രോള്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കേരള സ്റ്റോറി 2വിനെ പരിഹസിച്ച് താരപത്നി പങ്കിട്ട വീഡിയോയ്ക്ക് വലിയ വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും വരുകയാണ്.
 Lakshmi Menon, Kerala Story 2
Lakshmi Menon trolls kerala story 2 (Image Source: Instagram)

വലിയ വിവാദങ്ങള്‍ തിരികൊളുത്തിയ ചിത്രമായിരുന്നു 2023-ൽ പുറത്തിറങ്ങിയ ‘ദി ​കേരള സ്റ്റോറി’. ഇക്കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തു വന്നത്. ബിയോണ്ട് ദി കേരള സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ 2.06 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണിപ്പോള്‍ റിലീസ് ചെയ്തത്. ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ്ലിം യുവതികള്‍ വായില്‍ ബീഫ് തിരുകുന്നതും ചിത്രത്തിന്റെ ട്രെയിലറിലുണ്ട്. ഇതിന് പിന്നാലെ മലയാളികള്‍ ചിത്രത്തിന് ട്രോള്‍ പൂരം തീര്‍ക്കുന്നുണ്ട്, സിനിമയിലെ ഈ രംഗത്തിന് എതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ കേരളത്തെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന വിമര്‍ശനം നേരിടുന്ന ദി കേരള സ്റ്റോറി 2 എന്ന സിനിമയ്‌ക്കെതിരെ പ്രതികരിക്കുകയാണ് വ്‌ളോഗറും നടിയും അവതാരകന്‍ മിഥുന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്‍. ട്രെയിലറിലെ ചില രംഗങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും പ്രൊപ്പഗാണ്ട സിനിമയാണെങ്കിൽ പോലും കുറച്ചുകൂടി നിലവാരത്തിൽ ചിത്രീകരിക്കാമായിരുന്നു എന്നും ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ പറഞ്ഞു.
‘‘ട്രെയിലറിൽ ഒരു കുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം കണ്ടപ്പോൾ പണ്ട് അമ്മ എനിക്ക് കഫ് സിറപ്പ് കുടിപ്പിച്ചതാണ് ഓർമ്മ വന്നത്. ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെങ്കിൽ പോലും കുറച്ചുകൂടി വൃത്തിക്ക് എടുക്കാമായിരുന്നു. കേരളത്തിൽ എവിടെയെങ്കിലും ഇങ്ങനെ വായ കുത്തിത്തുറന്ന് ഫ്രീയായി ബീഫ് തരുന്ന സ്ഥലമുണ്ടെങ്കിൽ ദയവായി പറഞ്ഞുതരണം. ഞങ്ങൾ എല്ലാ മതസ്ഥരും ഒന്നിച്ച് അവിടെ വന്ന് അത് കഴിച്ചോളാം. അതാണ് മലയാളി.
മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടിയാണോ ഈ സീൻ വെച്ചത് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ബീഫ് ഇങ്ങനെ വെറുതെ കൊടുത്താൽ ആരെങ്കിലും കഴിക്കുമോ? ഒന്നെങ്കിൽ നല്ല പൊറോട്ട, അല്ലെങ്കിൽ കുറഞ്ഞത് ഒരു പഴംപൊരിയെങ്കിലും കൂടെ വേണ്ടേ?...
സിനിമ എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ബ്രാൻഡിംഗും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പ് ശ്രദ്ധിക്കണം.
നമ്മുടെ നാട്ടില്‍ കൊളസ്‌ട്രോള്‍ കൂടി വരികയാണല്ലോ. അതിനെക്കുറിച്ച് ആലോചിച്ചായിരിക്കാം അങ്ങനെ ഒരു സീന്‍ ഇറക്കിയത്. എന്റെ അമ്മ ബീഫും പോര്‍ക്കും കഴിക്കില്ല. പക്ഷേ ഞാനും മിഥുന്‍ ചേട്ടനും അങ്ങനെയല്ല. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകുമ്പോൾ ഞങ്ങൾ നേരെ കാരമയിലുള്ള 'ആരാമം' ഹോട്ടലിൽ പോയി നല്ല പൊറോട്ടയും ബീഫും അടിക്കും. അതാണ് ഞങ്ങളുടെ ഒരു രീതി.
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം: കേരളത്തിൽ എവിടെയെങ്കിലും ഇങ്ങനെ വായ കുത്തിത്തുറന്ന് ഫ്രീ ആയി ബീഫ് തരുന്ന സ്ഥലമുണ്ടെങ്കിൽ ദയവായി ഒന്ന് പറഞ്ഞുതരണം. ഞങ്ങൾ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഒന്നിച്ച് അവിടെ വന്ന് അത് കഴിച്ചോളാം. അതാണ് മലയാളി! ഇത്തരം സിനിമകൾ കൊണ്ടൊന്നും ഞങ്ങളെ തോൽപ്പിക്കാന്‍ കഴിയില്ല...’’ എന്നാണ് ചിത്രത്തെ ട്രോളി ലക്ഷ്മി മേനോന്‍ വീഡിയോ പങ്കിട്ടത്. വീഡിയോ പലരും പിന്തുണയ്ക്കുകയും അനുകൂലിച്ചുള്ള കമന്റുകള്‍ കുറിക്കുകയും ചെയ്തു.

എന്നാല്‍ മറ്റൊരു കൂട്ടര്‍ ലക്ഷ്മി മേനോന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവർക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം നടത്തുന്നുണ്ട്. സിനിമയിലെ രാഷ്ട്രീയത്തെ പരിഹസിച്ചതിനെ വ്യക്തിപരമായ അധിക്ഷേപങ്ങൾ കൊണ്ടാണ് ഒരു വിഭാഗം നേരിടുന്നത്. ലക്ഷ്മിയുടെ കുടുംബത്തെയും പ്രത്യേകിച്ച് മകളെയും വരെ വലിച്ചിഴച്ചുകൊണ്ടുള്ള അശ്ലീല ചുവയുള്ള കമന്റുകളും ഭീഷണികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നുണ്ട്. എന്നാല്‍ മകളെ ഇത്തരം കമന്റുകളിലേക്കു വലിച്ചിട്ടാല്‍ ഭയക്കുന്നവളല്ല താനെന്നും പോയി തരത്തില്‍ കളിക്കാനുമാണ് ലക്ഷ്മി വിമര്‍ശകരോടു പറയുന്നത്.

Ads by Google
Friday 20 Feb 2026 05.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google