ഉംറയ്ക്ക് പോകുന്ന നടി ഷക്കീലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല ഉംറയ്ക്ക് പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. മിസ് യു മാ ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സതീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ പ്രിയപ്പെട്ടവരോട് ഷക്കീല യാത്ര പറയുന്നുതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് ഷക്കീലയ്ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ആത്മീയതയെക്കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. താന്‍ വലിയ തെറ്റ് ചെയ്തുവെന്നും അതില്‍ നിന്നും തനിക്ക് പുറത്ത് വരാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ഷക്കീല പറഞ്ഞത്. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് താരം. അടുത്തിടെ യൂട്യൂബ് ചാനലുകളില്‍ അവതാരകയായി നടി പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയില്‍ മത്സാരാര്‍ത്ഥിയായും ഷക്കീല എത്തിയിരുന്നു
അതേസമയം ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു ഷക്കീല. ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.