മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് മമിത ബൈജു. പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ മനം കവര്‍ന്നിരിക്കുകയാണ് താരം. പ്രേമലുവിന്റെ വമ്പന്‍ വിജയത്തിന് ശേഷം തമിഴില്‍ വന്‍ ഓഫറുകളാണ് നടിയെ തേടിയെത്തിയത്. വിജയ്‌ക്കൊപ്പം ജനനായകനില്‍ മമിതയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷ്, സൂര്യ തുടങ്ങിയ ബിഗ് സ്റ്റാറുകള്‍ക്കൊപ്പമുളള ചിത്രങ്ങളും മമിതയുടേതായി ഒരുങ്ങുന്നുണ്ട്. ഡ്യൂഡ് എന്ന ചിത്രത്തിലൂടെ ജെഎഫ്ഡബ്ല്യുവിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും മമിതയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ മമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എല്ലാം പെട്ടന്ന് പെട്ടന്നാണ് നടക്കുന്നത്. തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്കും അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. നമ്മളൊരിക്കലും പ്രതീക്ഷിക്കാത്തതെല്ലാം സംഭവിക്കുമ്പോള്‍ ശരിക്കും യാഥാര്‍ത്ഥ്യമാണോ എന്ന് തോന്നില്ലേ, ആ അവസ്ഥയിലാണ് ഞാന്‍. സംഭവിക്കുന്ന എല്ലാത്തിനും ദൈവത്തിന് നന്ദി മമിത പറഞ്ഞു. ഞാന്‍ തന്നെയാണ് ഡ്യൂഡ് എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും. ഒരു ജോളി കഥാപാത്രമാണ്.
തമിഴ് ജനം അത് ഇഷ്ടപ്പെടുമോ, എന്റെ ശബ്ദം അവര്‍ സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയങ്കരമായ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഡബ്ബ് ചെയ്യുമ്പോള്‍ ചില പോര്‍ഷന്‍സ് കണ്ടു എന്നല്ലാതെ തിയറ്ററില്‍ എത്തുന്നത് വരെ ഞാനും സിനിമ മുഴുവനായി കണ്ടിട്ടില്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്നാണ് കണ്ടത്. അത് ശരിക്കും വല്ലാത്ത ഒരു അനുഭവമായിരുന്നു.
അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു, ആ നിമിഷം അമ്മയുടെ കണ്ണു കണ്ടപ്പോള്‍ എനിക്ക് അമ്മയുടെ സന്തോഷം എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഡ്യൂഡ് എന്ന സിനിമയ്ക്കാണ് എനിക്ക് ഈ പുരസ്‌കാരം. ഇപ്പോഴും കൊച്ചു കൊട്ടികളടക്കം എല്ലാവരും ഡ്യൂഡ് സിനിമയെ കുറിച്ച് പറയുകയും ചോദിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നും. പ്രത്യേകിച്ച് അതിലെ ഡാന്‍സ് ജനം ഏറ്റെടുത്തത് തന്നെ വലിയ സന്തോഷമായിരുന്നു മമിത ബൈജു പറഞ്ഞു.