Wednesday, March 18, 2026 Last Updated 2 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM

കേരള നേറ്റിവിറ്റി കാര്‍ഡ്‌: ബില്ലിന്‌ മന്ത്രിസഭയുടെ അംഗീകാരം

uploads/news/2026/02/826115/secreteriate.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 'കേരള നേറ്റിവിറ്റി കാര്‍ഡ്‌' കൊണ്ടുവരുന്നതിനുള്ള ബില്ലിന്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരാള്‍ കേരളീയനാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നതിനായി നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍ക്കൊണ്ടായിരിക്കും കാര്‍ഡ്‌ അനുവദിക്കുക.
സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ്‌ അംഗീകരിക്കും. കേരളത്തില്‍ ജനിച്ച്‌ വിദേശ പൗരത്വം സ്വീകരിക്കാത്തവരും പൂര്‍വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരുമാണ്‌ നേറ്റീവ്‌ ആയി കണക്കാക്കപ്പെടാന്‍ അര്‍ഹതയുള്ളത്‌. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക്‌ കാര്‍ഡിന്‌ അര്‍ഹതയില്ല. കാര്‍ഡ്‌ ലഭിച്ചതിനു ശേഷം വിദേശ പൗരത്വം സ്വീകരിച്ചാല്‍ നേറ്റിവിറ്റി കാര്‍ഡ്‌ അസാധുവാകും. തൊഴില്‍ സംബന്ധമായോ ജീവിതോപാധി സംബന്ധമായോ ഉള്ള കാരണങ്ങളാല്‍ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിനുപുറത്ത്‌ കഴിയുന്നതിനിടെ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ്‌ ആയി പരിഗണിക്കും.
കാര്‍ഡ്‌ അനുവദിക്കുന്നതിന്‌ അധികാരപ്പെട്ട ഉദ്യോഗസ്‌ഥന്‍ തഹസില്‍ദാര്‍ ആയിരിക്കും. എന്നാല്‍, നേറ്റിവിറ്റി കാര്‍ഡുകളുമായി ബന്ധപ്പെട്ട രജിസ്‌റ്റര്‍ വില്ലേജ്‌ ഓഫീസില്‍ സൂക്ഷിക്കണമെന്ന്‌ ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നു. നേറ്റിവിറ്റി കാര്‍ഡ്‌ ആവശ്യമുള്ളവര്‍ നിശ്‌ചിത ഫോറത്തില്‍ രേഖകളും ഫീസും സഹിതം തഹസില്‍ദാര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള വിവരങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്ന വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ്‌ ഉപയോഗിക്കാവുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിജ്‌ഞാപനം വഴി വ്യക്‌തമാക്കും.
റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനം ജില്ലാ കലക്‌ടര്‍ക്ക്‌ അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ പുനഃപരിശോധിക്കാനും റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനും അധികാരം ഉണ്ടായിരിക്കും. എന്നാല്‍, കക്ഷിക്ക്‌ ന്യായമായ വാദം മുന്നോട്ടുവയ്‌ക്കാനുള്ള അവസരം നല്‍കാതെ ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യക്‌തമാക്കുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google