ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വലതു വശത്തെ കളളന്‍. ക്രൈം ഡ്രാമ ജോണറില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. കരാര്‍ ഒപ്പിട്ടിട്ടും സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നടന്‍ എത്താത്തത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. യൂടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വലതുവശത്തെ കളളന്‍ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ സാരഥി ജോബി ജോര്‍ജ് പറഞ്ഞു. 16 കോടി സിനിമയ്ക്ക് ചിലവായെന്നും പൈസ വാങ്ങിയ നടന്മാര്‍ പ്രമോഷന്‍ പരിപാടികളില്‍ വരണമെന്നും അല്ലെങ്കില്‍ പണം വാങ്ങരുതെന്നും ജോബി ജോര്‍ജ് പറഞ്ഞു. ജില്ലാ കളക്ടറേക്കാള്‍ ശമ്പളം ഒരു സിനിമാ നടന്‍ വാങ്ങുന്നില്ലേയെന്നും അപ്പോള്‍ അതിന്റെ കൂറ് കാണിക്കേണ്ടയെന്നും ജോബി കൂട്ടിച്ചേര്‍ത്തു.
'വലതുവശത്തെ കള്ളൻ നമ്മളുടെ ആദ്യത്തെ നഷ്ട സിനിമയാണ്. പക്ഷെ, വലതുവശത്തെ കള്ളൻ ഗുഡ്‌വിൽ എന്റർടൈൻമെൻസിന്റെ ഓൺ പടമല്ല. ഡിസ്ട്രിബ്യൂട്ട് ചെയ്ത ഒരു പടമാണ്. അല്ലെങ്കിൽ ഗുഡ്‌വിൽ എന്റർടൈൻമെൻസ് ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്ത പടമാണ്. എന്നെ സംബന്ധിച്ചിടത്തോളം എൻറെ ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇന്ന് ഗുഡ്‌വിൽസിന്റെ മ്യൂസിക് ലേബൽ വളരെ വലുതാണ്. ഒരു കാലത്ത് മേടിച്ചിരുന്ന പാട്ടുകളെല്ലാം ഹിറ്റുകൾ ആയിരുന്നു. ആ കാലത്ത് ഷാജി നടേശൻ എന്ന് പറയുന്ന പ്രൊഡ്യൂസറുടെ എല്ലാ സിനിമയുടെയും മ്യൂസിക് റൈറ്സുകളും ഗുഡ്വിൽ എന്റർടൈൻമെൻസ് ആണ് കിട്ടിയത്. ഷാജി നടേശൻ ഞങ്ങളുമായി ഒരു പാലം സൃഷ്ടിച്ചിട്ടുണ്ട്.
ഷാജി നടേശന്റെ പാട്ടുകൾ മൂലം നമ്മൾക്ക് കിട്ടിയ ഹൈപ്പും വാല്യൂവും നമ്മൾ അറിയാതെ തന്നെ ഷാജി നടേശനോട് ഒരു കടപ്പാട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും, അതായത് ഒറ്റ് എന്ന സിനിമ ഭീകര ഫ്ലോപ്പ് ആയിരുന്നു, അതിനുശേഷം ഗ് ർർ എന്ന ചിത്രവും ഫ്ലോപ്പ് ആയിരുന്നു. ഷാജി നടേശൻ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സാഹചര്യത്തിൽ ആയിരുന്നു. ഗ് ർർ സിനിമയുടെ സമയത്ത് 50 ലക്ഷം രൂപ ഞാൻ അദ്ദേഹത്തിന് കൊടുത്തിട്ട് തരാൻ ഉണ്ട്. അതിൽ കാര്യമില്ല എന്റെ സുഹൃത്താണ് അദ്ദേഹം.
പ്രശ്നത്തിൽ നിൽക്കുമ്പോഴത്തേന് അദ്ദേഹത്തിന് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് ആരും പൈസ കൊടുക്കാതെ വന്നു. കുടുംബപരമായി പ്രശ്നങ്ങൾ വന്നു. ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറിഞ്ഞപ്പോൾ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന് പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു. അഡ്വാൻസായിട്ട് ആറര കേടി രൂപ കൊടുത്തു. അതിലുള്ള എഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വെറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എഗ്രിമെന്റ്. ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. ആ പൈസ തികയാതെ വന്നപ്പോൾ വീണ്ടും പൈസ കൊടുത്തു. അങ്ങനെ വലതുവശത്തെ കള്ളൻ തിയറ്ററിൽ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. എന്തുകൊണ്ടോ സിനിമ ഓടിയില്ല.
സിനിമ ഓടാതെ വന്നാൽ നമ്മൾ അതിന്റെ അണിയറ പ്രവർത്തകരെയും അതിന്റെ അഭിനയിച്ചവരെ ഒന്നും കുറ്റം പറയാനൊന്നും പറ്റത്തില്ല. സിനിമ ഓടിയില്ലെങ്കിൽ ഓടിയില്ല. നമ്മൾ അടുത്ത മാർഗം കണ്ടുപിടിക്കുക എന്നേയുള്ളു. ഷാജി നടേശനോട് എനിക്ക് ഒരു കാര്യത്തിൽ എതിർപ്പുണ്ട്. ബി. ഉണ്ണികൃഷണൻ പറഞ്ഞു ബിജു മേനോൻ പ്രമോഷന് വന്നില്ലെന്ന്. അത് സത്യമാണ്. പിറ്റേദിവസം അസോസിയേഷൻ ഒരു തീരുമാനം വച്ചപ്പോൾ, വട്ടമേശ സമ്മേളനം നടത്തിയാൽ സിനിമ വിജയിക്കില്ലെന്ന് ഷാജി അങ്ങോട്ട് പോയി അഭിമുഖം കൊടുത്തു. അതിനോട് എനിക്ക് വിയോജിപ്പാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വിൽക്കണമെങ്കിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ വേണം.
സിനിമ വിജയിക്കും പരാജയപ്പെടും. ഷാജി നല്ല മനുഷ്യനായത് കൊണ്ട് എനിക്ക് പൈസ തിരിച്ചു തരും. ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം. അല്ലെങ്കിൽ പൈസ വാങ്ങരുത്. ഡിസ്ട്രിക്ട് കളക്ടർക്ക് കിട്ടുന്നതിനെക്കാൾ ശബളം ഒരു സിനിമാ നടന് കിട്ടുന്നില്ലേ? അപ്പോൾ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നിൽക്കണം.ഞാൻ ഈ കാര്യത്തിൽ 100ശതമാനവും സംഘടനയോടൊപ്പമാണ് അല്ലെങ്കിൽ ബി ഉണ്ണികൃഷ്ണനോടൊപ്പമാണ്. ഒരു സംശയവും വേണ്ട. എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. സിനിമ ഒരു വ്യവസായമാണ്. ആ സിനിമ നടന്നു പോകണമെങ്കിൽ എല്ലാവരുടെയും സഹായമാണ്,' ജോബി ജോർജ്.