ബോളിവുഡിന്റെ പവര്‍ കപ്പിള്‍സാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്. സൗഹൃദത്തിന്റെ ആദ്യ നാളുകൾ മുതൽ ഒരുമിച്ച് ഒരു കുടുംബമായപ്പോഴും ഇവര്‍ തമ്മിലുള്ള സ്നേഹവും ബഹുമാനവുമൊക്കെ കൂടിയിട്ടേയുള്ളൂ. ഈ യാത്രയ്ക്കിടെ ഇരുവരും തന്റെ പങ്കാളിയുടെ വിജയങ്ങള്‍ വളരെ അഭിമാനത്തോടെ ആഘോഷിക്കാറുണ്ട്, പൊതുവേദികളില്‍ തുറന്നു പറയാറുമുണ്ട്.
ഇപ്പോഴിതാ ജെനീലിയയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ഒരു കുറിപ്പ് പങ്കിടുകയാണ് റിതേഷ് ദേശ്മുഖ്. 24 വര്‍ഷമായി തുടരുന്ന തങ്ങളുടെ ഹൃദയബന്ധമാണ് റിതേഷ് കുറിപ്പിലൂടെ പങ്കിടുന്നത്. ‘‘കൃത്യം 24 വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം കണ്ടുമുട്ടി, ഒരിക്കലും വിട്ടുകളഞ്ഞില്ല...നീ എന്റെ സുരക്ഷിതമായ ഇടമായിരുന്നു, എന്റെ ഏറ്റവും വന്യമായ സാഹസികതയായിരുന്നു, എന്റെ ഏറ്റവും മൃദുലമായ സ്വപ്ന സാക്ഷാത്കാരമായിരുന്നു....എല്ലാ ദിവസവും എന്നെ തിരഞ്ഞെടുത്തതിന് നന്ദി....എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ എക്കാലത്തെയും ബായ്ക്കോ... ഞാൻ നിന്നെ അനന്തമായി, പ്രതീക്ഷയില്ലാതെ സ്നേഹിക്കുന്നു....’’ എന്നാണ് റിതേഷ് ജെനീലിയയ്ക്കൊപ്പമുള്ള പ്രണയാതുരമായ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. ഡേറ്റിംഗ് കാലത്തെ പഴയ ചിത്രങ്ങള്‍ക്കൊപ്പമാണ് റിതേഷിന്റെ കുറിപ്പ്. താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
റിതേഷിന്റെ പോസ്റ്റിനു മറുപടിയായി, ‘‘എപ്പോഴും എന്നേക്കും റിതേഷ്...24 വർഷങ്ങൾക്ക് ശേഷവും നിങ്ങളുമായി പ്രണയത്തിലാകുന്നത് എനിക്ക് ഇഷ്ടമാണ്...’’ എന്നാണ് ജെനീലിയ കുറിച്ചത്. ഒപ്പം ജെനീലിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റിതേഷിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘24 വർഷമായി, ഇവാ ഒന്നും മാറിയിട്ടില്ല...’ എന്നും കുറിച്ചിട്ടുണ്ട്.
നിരവധി ആരാധകരും സഹതാരങ്ങളും താരദമ്പതിമാര്‍ക്ക് സ്നേഹവും ആശംസകളും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ബോബി ഡിയോൾ, സുനിൽ ഷെട്ടി എന്നിവർ ഹാര്‍ട്ട് ഇമോജികളാണ് പങ്കിട്ടിരിക്കുന്നത്. ‘നിങ്ങൾ രണ്ടുപേരും ഏറ്റവും മികച്ചവരാണ്. ദൈവം നിങ്ങളുടെ എല്ലാ ജീവിതങ്ങളെയും ഒരുമിച്ച് കൊണ്ടുവരട്ടെ...’ എന്നാണ് മുതിര്‍ന്ന താരം അനുപം ഖേര്‍ കുറിച്ചത്.
2003-ൽ പുറത്തിറങ്ങിയ ‘തുജേ മേരി കസം’ എന്ന ചിത്രത്തിലൂടെയാണ് റിതേഷും ജെനീലിയയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആ സിനിമയുടെ സെറ്റുകളിൽ വച്ചു തന്നെ ഇവര്‍ പ്രണയത്തിലായി. അന്നുമുതല്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇവര്‍ ഒരുമിച്ചുണ്ട്. 2012 ഫെബ്രുവരിയിലാണ് ജെനീലിയയും റിതേഷും വിവാഹിതരായത്. മറാത്തി വിവാഹ പാരമ്പര്യമനുസരിച്ചും അടുത്ത ദിവസം പള്ളിയിൽ വച്ച് അവര്‍ ഒരു ക്രിസ്ത്യൻ വിവാഹവും കഴിച്ചു. 2014 നവംബറിൽ മകൻ റിയാനെയും 2016 ജൂണിൽ രണ്ടാമത്തെ മകൻ റാഹൈലിനെയും ഇവര്‍ സ്വാഗതം ചെയ്തു.
കരിയറിലും റിതേഷ് തിളങ്ങി നില്‍ക്കുകയാണ്. ‘രാജ ശിവാജി’, ‘ധമാൽ 4’ എന്നിവയുൾപ്പെടെ ആവേശകരമായ നിരവധി സിനിമകളുടെ ഒരു നിര തന്നെ അണിയറയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും മഹാനായതും ഏറ്റവും ആദരണീയനുമായ രാജാക്കന്മാരിൽ ഒരാളായ ഛത്രപതി ശിവാജി മഹാരാജിന്റെ അസാധാരണമായ യാത്രയെ ജീവസുറ്റതാക്കുന്നതാണ് ‘രാജ ശിവാജി’ എന്ന ചിത്രം.