Sunday, March 15, 2026 Last Updated 38 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.01 AM

' എന്റെ സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്' ; മമ്മൂട്ടി എഴുതിയ മിനിക്കഥ പങ്കുവച്ച് വി.കെ ശ്രീരാമന്‍

story

നടന്‍ മമ്മൂട്ടി എഴുതിയ മിനിക്കഥ പങ്കുവച്ച് നടനും എഴുത്തുക്കാരനുമായ വി.കെ ശ്രീരാമന്‍. സുഹൃത്തുക്കളുടെ വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ മമ്മൂട്ടി കുറിച്ച രസരമായ കഥയാണ് വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

വി.കെ. ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്.

അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമാതാവെന്ന നിലയ്ക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്.

എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമാണ കാര്യാദർശിയോട് ഞാൻ നിർദ്ദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം. എന്നാൽ തികച്ചും നിസ്സംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻ കോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്!

അവളുടെ തൂവലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനു ശേഷം നിർമാണ കാര്യദർശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി.

എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ. ഞാൻ പൂവങ്കോഴിയെ നോക്കി. അവന്റെ നിസ്സംഗ്ഗതയുടെ അർഥം നഷ്ട ബോധമാണെന്ന് എനിക്ക് മനസ്സിലായി. ‘ഷോട്ട് റെഡി’ സഹസംവിധായകൻ വന്ന് വിളിച്ചു . പൂവൻകോഴിയുടെ വിരഹ ദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക്.

നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) ഇന്നലെ മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്. അതിവിടെ പങ്കുവയ്ക്കുന്നു.

Ads by Google
Wednesday 11 Feb 2026 10.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google