കൊച്ചി: കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 67 പേര്‍ മരച്ചതായി വനംവകുപ്പ്. ആനകളുമായി ബന്ധപ്പെട്ട 19 മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ് സംഭവിച്ചത്. മരിച്ചതില്‍ 13 പേര്‍ ആദിവാസി സമൂഹത്തില്‍ പെട്ടവരാണെന്നും വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആനകളുടെ ആക്രമണത്തില്‍ 19 പേരും പാമ്പ് കടിയേറ്റ് 34 പേരും കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2024-ല്‍ മനുഷ്യ-മൃഗ സംഘര്‍ഷം ഒരു സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 36 അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുകയും ചെയ്‌തിരുന്നു.
28 റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പ്രവര്‍ത്തനക്ഷമമാണ്.2016-17 മുതല്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ മരണപ്പെടുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച സര്‍ക്കാര്‍ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്നത്.
2011 മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ വന്യജീവി ആക്രമണത്തില്‍ സംസ്‌ഥാനത്ത് 1549 മരണങ്ങള്‍ സംഭവിച്ചു. ഇതില്‍ 1158 എണ്ണം പാമ്പ് കടിയേറ്റാണ്. കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണ്.വനമേഖലയില്‍ 1000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷരഹിതം എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍ സംഘര്‍ഷത്തിന്റെ തോത് പകുതിയായി കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിദഗ്‌ധപക്ഷം.സംസ്‌ഥാനത്ത് രണ്ടു മുനിസിപ്പാലിറ്റികളും 28 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടെ 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.
രാജുപോള്‍