നടനും അഭിഭാഷകനുമായ സി. ഷുക്കൂര്‍ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ ചികിത്സയില്‍. ഷുക്കൂറിന്റെ സഹോദരന്‍ മുനീര്‍ അല്‍വഫയാണ് ഈ വാര്‍ത്ത വെളിപ്പെടുത്തിയത്. പെട്ടന്നുണ്ടായ സ്‌ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താല്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുനീറിന്റെ വാക്കുകള്‍:
'' എന്റെ മൂത്ത സഹോദരന്‍ ഷുക്കൂര്‍ വക്കീലിന് ജനുവരി 26ന് സ്‌ട്രോക്ക് ഉണ്ടായി. ഇപ്പോള്‍ അദ്ദേഹം കാസര്‍ഗോഡിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു.
ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉളളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുളള പൂര്‍ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകള്‍ ഉണ്ടായേക്കാം. അങ്ങനെ ആര്‍ക്കെങ്കിലും മനസ്സിലൊരു വിഷമം തോന്നുന്നുണ്ടെങ്കില്‍ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തില്‍ അഭ്യര്‍ഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് എത്താന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അപേക്ഷിക്കുന്നു.''
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ' ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷുക്കൂര്‍. ചിത്രത്തില്‍ അഡ്വ.ഷുക്കൂര്‍ തന്നെയായി അഭിനയിച്ചു. സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവതത്തിലും അദ്ദേഹം തിരക്കുളള വക്കീലാണ്. കാഞ്ഞങ്ങാട് ഹൊസ് ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ് ഷുക്കൂര്‍. ഭാവന നായികയാകുന്ന ' അനോമി' യാണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്.