ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള വിവാഹ വാര്‍ത്തയാണ് കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ എ.ബി.യുമായുളള അഭിമുഖത്തില്‍ ആദ്യമായി മൃണാള്‍ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ ധനുഷിനെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് ' ആരും എന്നെ ക്ഷണിച്ചില്ല' എന്നായിരുന്നു മൃണാളിന്റെ മറുപടി.
ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകും എന്ന രീതിയില്‍ വിവാഹ തീയതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടല്ലൊ, എന്താണ് അതില്‍ പറയാനുളളത് എന്ന ചോദ്യത്തിന്, ' അത് പ്രഖ്യാപിച്ചിട്ടുണ്ടോ? ആരും എന്നെ ക്ഷണിച്ചില്ല. അവര്‍ക്ക് എന്നെയും ക്ഷണിക്കാമായിരുന്നു' എന്നാണ് മൃണാള്‍ പറഞ്ഞത്. വിവാഹത്തെ കുറിച്ചുളള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ച സാഹചര്യത്തില്‍ നിങ്ങളും അത് അറിഞ്ഞിരിക്കുമല്ലൊ എന്ന് ചോദിച്ചപ്പോള്‍ ' അതെ, ഞാന്‍ കണ്ടിട്ടുണ്ട്. അതെല്ലാം കണ്ട് ഞാന്‍ ചിരിക്കാറുണ്ട്. എനിക്കുവേണ്ടി സൗജന്യ പി. ആര്‍ ചെയ്യുന്നവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങളൊന്നും വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. അത് ഫെബ്രുവരി 14ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും ' മൃണാള്‍ പറഞ്ഞു.
എന്നാല്‍ വിവാഹവാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ധനുഷിന്റെ അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാര്‍ത്തയില്‍ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ നിന്നുളെളാരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് താരം പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ ഒന്നിച്ചെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്‌സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.