Wednesday, March 18, 2026 Last Updated 0 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 01.50 PM

തോന്ന്യവാസങ്ങള്‍ എഴുതിവെച്ചാല്‍ കേസ് എടുക്കും ; കുഞ്ഞികൃഷ്ണനെ മഹത്വവല്‍ക്കരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍

uploads/news/2026/02/823690/mv-govindan.gif

കണ്ണൂര്‍: തോന്നിയവാസങ്ങള്‍ പുസ്തകത്തില്‍ എഴുതി വച്ചാല്‍ കേസ് കൊടുക്കുമെന്നും പാര്‍ട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ മഹത്വവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുസ്തകം ഇറങ്ങുന്നതിനു മുമ്പ് കണക്ക് അവതരിപ്പിക്കാന്‍ മനസ്സില്ലെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ കുഞ്ഞികൃഷ്ണന്‍ ആരാണെന്നും ഗോവിന്ദന്‍ ചോദിച്ചു.

തന്റെ പുസ്തകത്തിന്റെ പ്രകാശനം നടക്കും മുമ്പ് പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടാന്‍ സിപിഐഎം തയ്യാറാകണമെന്ന വി കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിയ്ക്കായിരുന്നു മറുപടി. സിപിഐഎമ്മിന്റെ വടക്കന്‍ മേഖലാ ജാഥയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണമുണ്ടായത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നഷ്ടമായ സ്വര്‍ണം മുഴുവന്‍ കണ്ടെത്തണമെന്നും ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനും പാര്‍ട്ടിക്കും ഇല്ലെന്നും വ്യക്തമാക്കി. സ്വര്‍ണക്കൊള്ളയില്‍ ആദ്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടത് സിപിഐഎം ആണ്. ഹൈക്കോടതി നിയന്ത്രണത്തില്‍ അന്വേഷണം വേണം എന്നായിരുന്നു ആവശ്യമെന്നും പറഞ്ഞു.

പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് ആര് അനുവാദം നല്‍കിയിട്ടാണെന്നും ചോദിച്ചു. കരുണാകരന് പോലും കാണാന്‍ കഴിയാത്ത സോണിയ ഗാന്ധിയെ രണ്ട് കള്ളന്മാര്‍ കണ്ടു. എങ്ങനെയാണ് സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി കണ്ടതെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഇതുവരെ അതിന് ഉത്തരം നല്‍കിയിട്ടില്ല. പൊതുപരിപാടിയില്‍ പിണറായിയെ പോറ്റി കണ്ടത് എങ്ങനെ ഇതുമായി താരതമ്യം ചെയ്യാന്‍ കഴിയുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

മറ്റത്തൂര്‍ മോഡലില്‍ കേരളം ഭരിക്കും എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും മറുത്ത് ഒരു അക്ഷരം പോലും പറയാത്ത ആളാണ് സണ്ണി ജോസഫ് എന്നും ഇതിന്റെ അര്‍ത്ഥം ബിജെപി- കോണ്‍ഗ്രസ് ബന്ധം ആണെന്നും പറഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്തില്‍ വെറും നാല് സീറ്റേ ബിജെപിക്കുള്ളു, എന്നിട്ടും അവിടെ ഞങ്ങള്‍ ഭരിക്കുന്നില്ലെ. 35 സീറ്റ് കിട്ടിയാല്‍ കേരളവും ഭരിക്കും എന്നായിരുന്നു എം വി ഗോവിന്ദനും സണ്ണി ജോസഫും പങ്കെടുത്ത സംവാദ പരിപാടിയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

Ads by Google
Tuesday 03 Feb 2026 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google