Sunday, March 15, 2026 Last Updated 3 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.35 PM

‘‘എന്നിലൂടെ എന്റെ ചേട്ടന്‍ ജീവിക്കുന്നു; എവിടെയും പോയിട്ടില്ല, എന്റെ കൂടെയുണ്ടെന്നാണ് ഞാന്‍ സമാധാനിക്കുന്നത്...’’ സഹോദരന്മാരുടെ വിയോഗത്തെക്കുറിച്ച് ആശ ശരത്

അഭിനേത്രി എന്ന നിലയിലും നര്‍ത്തകി നിലയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ആശ ശരത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയങ്കരരായിരുന്ന രണ്ട് സഹോദരന്മാരുടെ വിയോഗത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ആശ ശരത്.
Asha Sharath
Asha Sharath about loss of her brothers (Image Source: Instagram)

മിനിസ്ക്രീന്‍ പരമ്പരയായ ‘കുങ്കുമപ്പൂവ് തുടക്കം കുറിച്ച് പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ആശ ശരത്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും ആശ ശരത് ആരാധകരുടെ ഇഷ്ടം നേടി​യിട്ടുണ്ട്. കുടുംബിനിയായി, രണ്ട് മക്കളുടെ അമ്മയായി വന്നതിന് ശേഷം ഏറെ വൈകി സിനിമയിലേക്ക് വന്നെങ്കിലും മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ് ആശ ശരതിനെ തേടിയെത്തിയിട്ടുള്ളത്.
ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തിലെ ചില നഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് ആശ ശരത്ത്. തനിക്ക് ഏറ്റവും പ്രിയങ്കരരായിരുന്ന രണ്ട് സഹോദരന്മാരുടെ വിയോഗത്തെക്കുറിച്ചും അതിനെ നേരിട്ട രീതിയെക്കുറിച്ചുമാണ് താരം പങ്കിടുന്നത്. അവര്‍ ഇപ്പോഴും തങ്ങളെ വിട്ടുപോയിട്ടില്ല എന്നാണ് സ്വയം വിശ്വസിക്കുന്നതെന്നും നിത്യ ജീവിതത്തില്‍ അവരുടെ സാന്നിധ്യം താന്‍ അനുഭവിക്കുന്നത് എങ്ങനെയൊക്കെയെന്നും ആശ ശരത്ത് പങ്കിടുന്നു.
‘‘എനിക്ക് രണ്ട് ചേട്ടന്മാരായിരുന്നു. രണ്ട് പേരും ദൈവത്തിലേക്ക് ലയിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വേണുച്ചേട്ടനും ബാലുച്ചേട്ടനും. അതില്‍ ഒരാള്‍ അധിക വര്‍ഷം ആയില്ല പോയിട്ട്, വേണുച്ചേട്ടന്‍. ഒരാള്‍ പോയപ്പോള്‍ അദ്ദേഹത്തെയും കൂടി ഞാന്‍ രണ്ടാമത്തെ ആളില്‍ കണ്ടിരുന്നു. രണ്ടാമത്തെ ആളും കൂടി വിട്ടുപോയപ്പോള്‍ ഞാന്‍ അമ്മയെ സമാധാനിപ്പിക്കും എപ്പോഴും, തമാശയ്ക്ക്.
നമ്മളെല്ലാം ക്യൂവില്‍ ആണ് എന്ന് പറയും. നമ്മള്‍ എല്ലാവരും പോവും. ആദ്യം എത്തിയവര്‍ ആദ്യം പോയി സീറ്റ് പിടിച്ചു എന്നേയുള്ളൂ. ഞാന്‍ ഇപ്പോഴും എന്നെ പറഞ്ഞ് പഠിപ്പിക്കുന്നത് എന്നിലൂടെ എന്‍റെ ചേട്ടന്‍ ജീവിക്കുന്നു എന്നാണ്. ഓരോരുത്തര്‍ക്ക് ഓരോ വെര്‍ഷന്‍ ആയിരിക്കാം. ഞാന്‍ എന്നെ സമാധാനിപ്പിക്കുന്നത് എന്നിലൂടെ എന്‍റെ ചേട്ടന്മാര്‍ ജീവിക്കുന്നു എന്നുള്ളതാണ്.
ഈ രണ്ട് പേരെയും ഒരാള്‍ ആയിട്ട് ആയിരുന്നു ഞാന്‍ വര്‍ഷങ്ങളോളം കണ്ടിരുന്നത്. വാട്സ്ആപ്പിലെ എന്റെ ഡിപി എന്റെ സഹോദരനാണ്. ബ്രദര്‍ പോയി അന്ന് ഇട്ടതാണ് അത്. വാട്സ് ആപ്പില്‍ ഒരു മെസേജ് പോയാല്‍ അത് അവര്‍ അയയ്ക്കുന്ന ഒരു ഫീല്‍ ആയിരിക്കണം. എന്റെ ചേട്ടന്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ അമ്മയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ബാലുച്ചേട്ടനെ ഞാന്‍ ബാള്‍ട്ടണ്‍ എന്നാണ് വിളിച്ചിരുന്നത്. അമ്മ വിളിക്കുമ്പോള്‍ ഇപ്പോഴും ബാള്‍ട്ടണ്‍ എന്നാണ് വരിക. എന്നിലൂടെ എന്റെ ചേട്ടന്‍ ഓരോ നിമിഷവും ജീവിക്കുന്നു. ഈ വീടിന് എന്റെ ചേട്ടന്റെ പേരാണ്. ബാലഗോകുലം എന്നാണ് പേര്. ബാലുവിന്റെ വീട് എന്ന അര്‍ഥത്തില്‍. അവര്‍ എവിടെയും പോയിട്ടില്ല, എന്റെ കൂടെയുണ്ട് എന്നാണ് ഞാന്‍ എന്നെ സ്വയം സമാധാനിപ്പിക്കുന്നത്....’’ ആശ ശരത്ത് പറയുന്നു.

Ads by Google
Monday 02 Feb 2026 01.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google