Sunday, March 15, 2026 Last Updated 0 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 06.53 PM

‘അടിസ്ഥാനപരമായി ഞാനാഗ്രഹിച്ചത് സ്നേഹമാണ്, അതെനിക്ക് കിട്ടിയിട്ടില്ല; ഇനി കിട്ടില്ലെന്ന് മനസിലായത് കൊണ്ടാണ് ഒരു പ്രണയംകൂടി ഞാൻ ആഗ്രഹിക്കാത്തത്...’ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി തന്റെ നിലപാടുകളും അഭിപ്രായങ്ങളും എപ്പോഴും തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ സ്നേഹത്തെക്കുറിച്ചും കമ്മിറ്റ്മെന്റുകള്‍ തന്നെ നിയന്ത്രിക്കുമോ എന്ന പേടിയുണ്ടെന്നും പറയുകയാണ് ഭാഗ്യലക്ഷ്മി.
Dubbing artist and actress Bhagyalakshmi
Bhagyalakshmi about love and commitments (Image Source: Youtube)

മികച്ച സിനിമകളില്‍ ഒരുപാട് മികച്ച അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി പ്രശസ്തി നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണെങ്കിലും ഒട്ടേറെ സിനിമകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് അഭിനേത്രിയായും ഭാഗ്യലക്ഷ്മി കൈയടി നേടിയിട്ടുണ്ട്. ചാമരം,മാറ്റുവിന്‍ ചട്ടങ്ങളെ, സെല്ലുലോയിഡ്, പാവ, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പലപ്പോഴും തന്റെ നിലപാടുകളും അഭി​‍പ്രായങ്ങളും മുഖം നോക്കാതെ പറയുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒരു പേടിയും കൂടാതെ വെട്ടിത്തുറന്നുള്ള ഈ പറച്ചിലുകള്‍ കൊണ്ട് ഒരുപാട് ശത്രുക്കളെയും താരം നേടിയെടുത്തു. സ്ത്രീപക്ഷ കാര്യങ്ങളില്‍ മാത്രമല്ല സമകാലിക സാമൂഹിക വിഷയങ്ങളിലും ശക്തമായ അഭിപ്രായം പങ്കിട്ട് ഭാഗ്യലക്ഷ്മി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഗൗരവക്കാരി, തന്റേടി എന്നിങ്ങനെയുള്ള വിളിപ്പേരുകളും താരത്തിന് അതു​കൊണ്ടു തന്നെ ചാര്‍ത്തിക്കിട്ടിയിട്ടുമുണ്ട്.
ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വിപരീതമായി തന്റെയുള്ളിന്റെ ഉള്ളിലെ വിഷമങ്ങളെക്കുറിച്ച്‌ മനസ്സു തുറക്കുകയാണ് ഭാഗ്യലക്ഷ്മി. വേണ്ടപ്പെട്ടവരില്‍ നിന്നും സ്നേഹം ആഗ്രഹിച്ച മനസ് തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ തനിക്കത് കിട്ടിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘‘അടിസ്ഥാനപരമായി ഞാനാഗ്രഹിച്ചത് സ്നേഹമാണ്. അതെനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ല. ഇനി കിട്ടില്ല എന്ന് മനസിലായത് കൊണ്ടാണ് ഇനിയൊരു പ്രണയം കൂടി ഞാൻ ആഗ്രഹിക്കാത്തത്. എനിക്ക് രാവിലെ ഒരിടത്തേക്ക് പോകണമെങ്കില്‍ ഞാൻ അങ്ങ് പോകും. ചോദിക്കുന്നില്ല. അത് പക്ഷെ നമ്മളെ സ്നേഹിക്കുന്ന ആണിന് സഹിക്കാൻ പറ്റില്ല. അവരോട് ഒരു വാക്ക് പറയുകയെങ്കിലും വേണം. പക്ഷെ എനിക്കങ്ങനെയില്ല. അങ്ങനെ ആഗ്രഹിച്ച സമയത്ത് അങ്ങനെ അല്ലായിരുന്നു.
ഡബ്ബിംഗിന് പോയാല്‍ എത്ര ലേറ്റ് ആയാലും എന്നോടൊന്നും അദ്ദേഹം (മുൻഭർത്താവ്) ചോദിക്കാറില്ല. എന്തുകാെണ്ട് വെെകുന്നു, രാത്രി ഡബ്ബിംഗിന് പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞാനൊരു ഫ്രണ്ടിനെ കാണാൻ പോകുമ്പോള്‍ പുള്ളി എന്നെ റെസ്ട്രിക്റ്റ് ചെയ്യുമായിരുന്നു. എനിക്ക് ഷോപ്പിംഗിന് പോകാനുള്ള അനുവാദം ഇല്ലായിരുന്നു. പിന്നീട് അതെല്ലാം ഞാൻ ചെയ്ത് എന്നെ ആരും ഇനി ചോദ്യം ചെയ്യരുത് എന്ന നിലയിലേക്ക് ഞാൻ മാറി. കമ്മിറ്റ്മെന്റുകള്‍ എന്നെ നിയന്ത്രിക്കുമോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് ഞാൻ ഒരു പ്രണയ ബന്ധത്തിന് തയ്യാറാകാത്തത്...’’ ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ ഈ തുറന്നു പറച്ചില്‍.

Ads by Google
Saturday 31 Jan 2026 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google