അകാലത്തില്‍ വിടപറഞ്ഞ നാടകപ്രവര്‍ത്തകന്‍ കെ.വി വിജേഷിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ഭാര്യയും നടിയുമായ കബനി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. വിജേഷ് പാതിയില്‍ നിര്‍ത്തിയ നാടകം താനും മകളും കൂടി പൂര്‍ത്തിയാക്കുമെന്ന് കബനി പറഞ്ഞു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ നാടക പരിശീലനത്തിനിടെയായിരുന്നു വിജേഷിന്റെ അകാലവിയോഗം.
കബനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പംഉണ്ടെന്നറിയാം.
നാടകം ഉയിർത്തെഴുന്നേൽപിന്റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ്എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും,ആളുകളവനെ പ്രണയിച്ചുകൊണ്ടേഇരിക്കും വീണ്ടും വികാരങ്ങളുടെ വിസ്‌പോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും.. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ.
നിങ്ങൾ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നടക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും. സ്നേഹം പ്രിയരേ